തുടര്‍ച്ചയായി 12 മണിക്കൂര്‍ ക്വിസ് മത്സരം; ബാബു ഇബ്രാഹിമിന് റെക്കോഡ്
അങ്കമാലി: പന്ത്രണ്ട് മണിക്കുര്‍ തുടര്‍ച്ചയായി ക്വിസ് മത്സരം നടത്തി ബാബു ഇബ്രാഹിം ലോക റെക്കോഡിന് അര്‍ഹനായി. അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ്് കോളജില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ മേല്‍നോട്ടത്തില്‍ ഗ്ലോബല്‍ അക്കാദമിയും ക്വിസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിലാണ് ജി.എസ്.ടി ഓഫിസര്‍ ബാബു ഇബ്രാഹിം പുത്തപുരയില്‍ മെറ്റീരിയല്‍ റഫറന്‍സ് ഇല്ലാതെ പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി മരാത്തണ്‍ ക്വിസ് മത്സരം നടത്തി ലോക റെക്കോഡ് സ്ഥാപിച്ചത്. ചോദ്യങ്ങള്‍ ആവര്‍ത്തിക്കാത്ത വിധത്തില്‍ ചോദിക്കുകയും ഉത്തരം മത്സരാര്‍ഥിക്ക് നല്‍കാന്‍ കഴിഞ്ഞില്ലങ്കില്‍ ശരിയായ ഉത്തരം ക്വിസ് മാസ്റ്റര്‍ തന്നെ നല്‍കുന്ന രീതിയിലാണ് മത്സരം നടത്തിയത്. ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ 15 സെക്കന്റാണ് ഉത്തരം നല്‍കുന്നതിനായി നല്‍കിയിരുന്ന സമയപരിധി. ഇത്തരത്തില്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ആയിരത്തി അഞ്ഞൂറിലധികം ചോദ്യങ്ങള്‍ ചോദിച്ചു.
വിവിധ സംഘടനകള്‍ക്കായി മെറ്റീരിയല്‍ റഫറന്‍സ് ഇല്ലാതെ ഇരുന്നൂറിലധികം ക്വിസ് മത്സരങ്ങള്‍ ഇതിനോടകം കേരളത്തിലങ്ങോളം ബാബു ഇബ്രാഹിം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയവരില്‍ നിന്നും മുന്നിലെത്തിയ 24 പേര്‍ സെമിഫൈനലിലെത്തി.
തിരുവനന്തപുരം സ്വദേശി ഹാരിസ് ടൈബ്രേക്കറിലുടെ ഒന്നാം സ്ഥാനവും, മറ്റൊരു തിരുവനന്തപുരം സ്വദേശി എ.ആര്‍ രഞ്ജിത്ത് രണ്ടാം സ്ഥാനവും, എറണാകുളം സ്വദേശി ടി.പി രാകേഷ് മൂന്നാം സ്ഥാനവും, അങ്കമാലി സ്വദേശി സാബു ജോസ് നാലാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തെ തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ചീഫ് എഡിറ്ററും ജൂറിയംഗവുമായ ഡോക്ടര്‍ ഗിന്നസ് സുനില്‍ ജോസഫ് പ്രശസ്തിപത്രം നല്‍കി ബാബു ഇബ്രാഹിമിനെ അനുമോദിച്ചു. ജി.എസ്.ടി ഡപ്യൂട്ടി കമ്മിഷണര്‍ കെ.ആര്‍ ഹരീന്ദ്രനാഥ്, ഗ്ലോബല്‍ അക്കാദമി ചെയര്‍മാന്‍ സാജു ചാക്കോ, ക്വിസ് സൊസൈറ്റി ഓഫ് അങ്കമാലി പ്രസിഡന്റ് സാന്‍ജോ ജോസഫ്, സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, കെ.എ റഹ്മാന്‍, കെ.ഡി സുഭാഷിതന്‍, എ.ആര്‍ ദാസ്, പി.റ്റി ജെയ്ക്കബ്, ലിജോ ജോര്‍ജ് , പി.സി ചന്ദ്രബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."