പ്രതിഷേധം കനക്കുന്നു ഒന്‍പത് പതിറ്റാണ്ടോളം പഴക്കമുള്ള സ്കൂള്‍ അടച്ചു പൂട്ടാന്‍ ശ്രമം
കയ്പമംഗലം: 88 വര്‍ഷം പഴക്കമുള്ള എല്‍.പി.സ്കൂള്‍ അടച്ചു പൂട്ടാന്‍ മാനേജ്മെന്റിന്റെ ശ്രമം, പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും. 1928 ല്‍ കാളമുറി പടിഞ്ഞാറ് കണ്ണമ്പറമ്പില്‍ കുമാരന്റെ നേതൃത്വത്തില്‍ ആരംഭിച്ച കയ്പമംഗലം വെസ്റ്റ് എലിമെന്ററി സ്കൂളാണ് അടച്ചു പൂട്ടാന്‍ മാനേജര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.
പതിറ്റാണ്ടു മുന്‍പ് സ്കൂളിലെ അധ്യാപകനായിരുന്ന ഉണ്ണിയും സ്കൂള്‍ മാനേജറും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെടുമായിരുന്ന സ്കൂള്‍ ക്ഷേമോദയം ട്രസ്റ്റിന് നടത്തിപ്പിനായി കൈമാറുകയായിരുന്നു. അന്നുമുതല്‍ ക്ഷേമോദയം സ്കൂള്‍ എന്നാണ് സ്കൂളിന്റെ പേര്. ഈ ട്രസ്റ്റിന്റെ മാനേജറായിരുന്ന കോഴിപ്പറമ്പില്‍ വേലായുധന്റെ നിര്യാണത്തെ തുടര്‍ന്നാണ് നിലവിലെ മാനേജര്‍ മോഹനന് സ്ഥാനം ഏറ്റെടുത്തത്. ഇദ്ദേഹമാണ് സ്കൂള്‍ പൂട്ടാന്‍ അപേക്ഷ നല്‍കിയത്. ഇപ്പോള്‍ 160 കുട്ടികളും ഒന്‍പത് അധ്യാപകരും സ്കൂളിലുണ്ട്. വലപ്പാട് സബ്ജില്ലയില് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന രണ്ടു സ്കൂളില്‍ ഒന്നാണ് ഇത്.
കര്‍ഷക തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ അടക്കമുള്ള നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആശ്രയമായ സ്കൂള്‍ അടച്ചു പൂട്ടുന്നതിനെതിരേ നാട്ടുകാര്‍ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേഷ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പഞ്ചായത്തംഗം പി.സി.മനോജ് അധ്യക്ഷനായി . ഇ.ടി.ടൈസന് എം.എല്‍.എ രക്ഷാധികാരിയായും ടി.വി.സുരേഷിനെ ചെയര്‍മാനായും കെ.ആര്.രാമചന്ദ്രനെ കണ്‍വീനറായുമുള്ള സ്കൂള്‍ സംരക്ഷണ സമിതിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."