അണ്ടൂര്‍ക്കോണം സി.എച്ച്.സിയിലെ കിടത്തിച്ചികിത്സാ വിഭാഗം അടച്ചുപൂട്ടി
കഠിനംകുളം: മൂന്ന് മാസം മുന്‍പ് ഏറെ ആഡംബരത്തോടെ ഉദ്ഘാടനം നടത്തി പ്രവര്‍ത്തനം ആരംഭിച്ച അണ്ടൂര്‍ക്കോണം സാമൂഹികാരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സാവിഭാഗം അടച്ചുപൂട്ടി. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. നേരത്തെ പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന ഇവിടം കഴിഞ്ഞവര്‍ഷമാണ് സാമൂഹികാരോഗ്യകേന്ദ്രമായി (സി.എച്ച്.സി) ഉയര്‍ത്തിയത്. മന്ത്രി ശിവകുമാറായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. അതിനുശേഷം ജനുവരിയിലാണ് കിടത്തി ചികിത്സ ആരംഭിച്ചത്. ആകെ ഏഴു ഡോക്ടര്‍മാരാണ് സേവനം ചെയ്യുന്നത്. നാലു നഴ്സുമാരുമുണ്ട്. തുടക്കത്തില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഡോക്ടര്‍ മാരുടെ സേവനം ലഭിച്ചിരുന്നു. അത് കഴിഞ്ഞ് അവിടെ അഡ്മിറ്റു ചെയ്യുന്ന രോഗികളെ രാത്രി ഡ്യൂട്ടിയിലുള്ള നഴ്സുമാരായിരുന്നു നോക്കിയിരുന്നത്. ഇതിനിടെ ഈ മാസം എട്ടിന് രാവിലെ രോഗികള്‍ക്ക് നിര്‍ബന്ധ ഡിസ്ചാര്‍ജ് നല്‍കുകയും വൈകിട്ട് ആറു മണിയോടെ ആശുപത്രി പൂട്ടി താല്കാലിക ജീവനക്കാരന് സ്ഥലം വിടുകയും ചെയ്തു.
തുടര്‍ന്ന് പൊതുപ്രവര്ത്തകന് അണ്ടൂര്‍കോണം സുല്ഫിയുടെ നേതൃത്യത്തില്‍ നാട്ടുകാര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടി.
ഇതറിഞ്ഞു താല്കാലിക ജീവനക്കാരന് സ്ഥലത്തെത്തി നഴ്സുമാര്‍ ഇല്ലെന്നും അവര്‍ വരുന്നതുവരെ രാത്രി പ്രവര്‍ത്തനം ഉണ്ടാവില്ലെന്നും അറിയിച്ചു. എന്നാല്‍ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."