ആലിപഴം തിന്നാന്‍ പച്ച പ്രാവുകള്‍ അന്തിക്കാട്ടെത്തി
തൃപ്രയാര്‍: പതിവു തെറ്റാതെ ആലിപഴം തിന്നാന്‍ പച്ച പ്രാവുകള്‍ അന്തിക്കാട്ടെത്തിയത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി. അമ്പതിലധികം ഗ്രീന്‍പീജിയന്‍ യെല്ലോ ഫൂട്ടഡ് ഇനത്തില്‍പ്പെട്ട പക്ഷിക്കൂട്ടമാണ് കഴിഞ്ഞ ദിവസം അന്തിക്കാട് പഞ്ചായത്തോഫിസിനു മുന്‍പിലെ അമ്പലക്കുളക്കരയിലെ പേരാലിലും അരയാലിലുമായി ചേക്കേറിയിരിക്കുന്നത്. അതിരാവിലേയും ഉച്ചക്കുമാണ് ചുവന്നു തുടുത്ത പേരാല്‍ പഴം തിന്നാന്‍ ഈ പക്ഷികള്‍ എത്തുന്നത്.
രാവിലെ പ്രാതലും കഴിച്ച ശേഷം എങ്ങോ പോയി മറയുന്ന ഇക്കൂട്ടര്‍ ഉച്ചയോടെ വീണ്ടും തിരിച്ചെത്തും. ഉച്ചഭക്ഷണശേഷം ആരും അലോസരപ്പെടുത്താനില്ലെങ്കില്‍ ഒരു മയക്കവും കഴിഞ്ഞേ മടങ്ങിപ്പോകൂ. ഇതിനിടയില്‍ ആതിഥേയരായ കാക്ക ഒന്നു വിരട്ടിയാല്‍ ഇവ കൂട്ടത്തോടെ പറന്നകലും. പേരാലിന്റെ പഴം തിന്നാല്‍ പിന്നെ ഭൂരിഭാഗവും സമീപത്തെ അരയാലിലാണ് വിശ്രമം തേടുക.പൂര്‍ണമായും സസ്യഭുക്കുകളായ ഇവയുടെ ഇഷ്ട ഭക്ഷണം അരയാല്‍ പേരാല്‍ എന്നിവയുടെ പഴുത്തപഴങ്ങള്‍ ആണ്. കഴുത്തില്‍ പച്ച കലര്‍ന്ന മഞ്ഞയും, നേര്‍ത്ത ചാരനിറം പൂണ്ട തലയും അല്‍പ്പം തവിട്ടു നിറം കലര്‍ന്ന ചിറകുകളും, കട്ടിയുള്ള കൊക്കുകളും പ്രത്യേകതരം മഞ്ഞ നിറത്തിലുള്ള കാലുകളുമാണ് ഇവക്കുള്ളത്. 29 മുതല്‍ 33 സെമീറ്റര്‍ വരെ നീളമുള്ള ഈ പക്ഷിയുടെ വാലിന് എട്ട് മുതല്‍ പത്ത് സെന്റിമീറ്റര്‍ നീളവും ശരീരത്തിന് 225 മുതല്‍260 ഗ്രാം തൂക്കവും വരും. കേരളത്തില്‍ മരതക പ്രാവെന്നറിയപ്പെടുന്ന ഇവ മഹാരാഷ്ടയുടെ സംസ്ഥാന പക്ഷി കൂടിയാണ്.
മഹാരാഷ്ട്രയില്‍ ഹരിയാള്‍ എന്നറിയപ്പെടുന്ന ഇവ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയത്താണ് ഇണചേരുക . ഇതിനു ശേശം ഇണകളായോ കൂട്ടാമായോ എത്തുന്ന പച്ച പ്രാവുകള്‍ പരിസരം സസൂക്ഷ്മം നിരീക്ഷിച്ച ശേഷം മാത്രമേ തീറ്റ തേടുകയുള്ളൂ.
നിത്യഹരിതവനങ്ങളിലും ഉയരം കൂടിയ പാതയോര വൃക്ഷങ്ങളിലും കൂട്ടമായി ചേക്കേറുന്ന ഇവയുടെ ശാസ്ത്രീയ നാമം ട്രെറണ്‍ ഫീനിക്കോപ്റ്ററ എന്നാണ്. കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ മാസങ്ങളിലാണ് ഇവയെ സര്‍വസാധാരമായി കാണാറുള്ളത് എന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."