മാലിന്യം നിറഞ്ഞ് കൊമേഴ്‌സ്യല്‍ കനാല്‍; മൂക്കുപൊത്തി ജനം
ആലപ്പുഴ : കൊമേഴ്‌സ്യല്‍ കനാലില്‍ ചുങ്കപ്പാലത്തിന് കിഴക്കുവശം പോളയും നഗരമാലിന്യങ്ങളും വന്നടിഞ്ഞ് പ്രദേശം ഇന്ന് ദുര്‍ഗന്ധപൂരിതമായി. ഇതുമൂലം ഏറ്റവും കൂടുതല്‍ ക്ലേശിക്കുന്നത് പരിസവാസികളും പട്ടണത്തില്‍ നിന്ന് മത്സ്യം വാങ്ങി ചെറുവള്ളങ്ങളില്‍ തുഴഞ്ഞ് കുട്ടനാടന്‍ പ്രദേശങ്ങളുടെ ഉള്‍ഭാഗങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തി ഉപജീവനം നടത്തിവരുന്ന മത്സ്യവ്യാപാരികളാണ്. അതുപോലെ ചെറു പലചരക്ക് വ്യാപാരികളും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളില്‍ സാധാരണക്കാരും ഈ കനാലിലൂടെ നടത്തിയിരുന്ന ചിലവുകുറഞ്ഞ യാത്രാസംവിധാനവും തടസപ്പെട്ടു.
കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുമുമ്പ് ക്ലീന്‍ ആലപ്പുഴ പദ്ധതിയില്‍പ്പെടുത്തി പട്ടണത്തിലെ തോടുകളിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്തതിരുന്നു. തുടര്‍ന്ന് ഒരു ക്ലീന്‍ പദ്ധതി കൂടി നടപ്പിലാക്കി വീണ്ടും തോട് വൃത്തിയാക്കി പണം കൊയ്യാനായി പോള വളര്‍ച്ചയ്ക്കുള്ള വിത്തും പാകി പോകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കാലവര്‍ഷത്തെ തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പ് ഉയരത്തിലായതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. പുതിയതായി നിര്‍മ്മിച്ച ചുങ്കംപള്ളാത്തുരുത്തി റോഡില്‍ വെള്ളം കയറിയിരുന്നു. ഇതുമൂലം പല വീട്ടുമുറ്റങ്ങളിലും വെള്ളം കയറി. മണല്‍ചാക്കുകള്‍ നിരത്തിയാണ് വീടിനുള്ളില്‍ വെള്ളം കയറാതെ നിര്‍ത്തിയിരുന്നത്. ഇനിയും മഴ കനത്താല്‍ റോഡില്‍ വെള്ളം കയറുന്നതിനോടൊപ്പം പോളയും കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള നഗരമാലിന്യങ്ങളും കയറി പ്രദേശത്തെ താമസക്കാര്‍ക്കും വാഹനകാല്‍നട യാത്രക്കാര്‍ക്കും ഉണ്ടാക്കാവുന്ന ദുരിതങ്ങള്‍ അവര്‍ണ്ണനീയമാണ്.
മഴയോടൊപ്പം ജലജന്യരോഗങ്ങളും ഇതര പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകളും ഇവിടെ ഏറെയാണ്. വാട്ടര്‍ അതോറിറ്റി വാട്ടര്‍ ടാപ്പുകള്‍ സ്ഥിരമായി അടച്ചതുമൂലം ശുദ്ധജലത്തിനായി ഈ പ്രദേശത്തെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും പോളയും നഗരമാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്നും ജനതാദള്‍ (എസ്) ജില്ലാസെക്രട്ടറി പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."