പതിമൂന്നു മാസമായി തര്‍ഹീലില്‍ മോചനം കാത്ത് മലയാളി
ജിദ്ദ: പതിമൂന്നു മാസമായി റിയാദിലെ തര്‍ഹീലില്‍ മോചനം കാത്ത് പെരുമ്പാവൂര്‍ സ്വദേശി അബൂബക്കര്‍ കാരോത്തുകുടി..റിയാദില്‍ തന്നെയുള്ള സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുകയും ആറുമാസമായി ശമ്പളം നല്‍കാതിരിക്കുകയും വീണ്ടും ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിക്കുകയും ചെയ്ത ഘട്ടത്തില്‍ അബൂബക്കര്‍ ജോലിയില്‍ നിന്ന് ഇറങ്ങി ലേബര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ലേബര്‍ കോര്‍ട്ടില്‍ ഹാജരാകാതിരിക്കുകയും ,കേസ് കൊടുത്ത് ആറ് മാസങ്ങള്‍ക്ക് ശേഷം അബൂബക്കറെ ഹുറൂബ് ആക്കുകയുമാണ് സ്‌പോണ്‍സര്‍ ചെയ്തത് .സുഹൃത്തുക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ അബൂബക്കര്‍ ചികിത്സാര്ത്വം ബത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ കഴിഞ്ഞ വര്‍ഷം ഫബ്രുവരിയില്‍ ജവാസാത്ത് ഉദ്യോഗസ്ഥരുടെ ഇഖാമ പരിശോധനയില്‍ പിടിക്കപ്പെടുകയും തര്‍ഹീലില്‍ അടയ്ക്കപ്പെടുകയും ചെയ്യുകയായിരുന്നു .പിന്നീട് രണ്ടാഴ്ചയ്ക്കകം നാടുകടത്തുന്നതിനു വേണ്ടി അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ എത്തിച്ചെങ്കിലും വിരലടയാളം രേഖപ്പെടുത്തിയപ്പോള്‍ സ്‌പോണ്‍സറുമായി കേസ് നില നില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞു വീണ്ടും തര്‍ഹീലിലേക്കു മാറ്റുകയായിരുന്നു .
വിവരമറിഞ്ഞ സാമൂഹിക പ്രവര്‍ത്തകനായ ഷാനവാസ് രാമഞ്ചിറയും എംബസ്സി ഉദ്യോഗസ്ഥനായ യൂസുഫും ചേര്‍ന്ന് അബൂബക്കറിനെ തര്‍ഹീലില്‍ സന്ദര്‍ശിക്കുകയും ശമ്പള കുടിശികയുമായി ബന്ധപ്പെട്ടു സ്‌പോണ്‍സറുമായി കേസ് നടക്കുന്ന വ്യക്തിയാണെന്നു വിട്ടയക്കാന്‍ സാധ്യമല്ലെന്നു അറിയിക്കുകയായിരുന്നു .ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി എംബസി ഷാനവാസിന് അധികാരപത്രം നല്‍കി ചുമതലപ്പെടുത്തുകയും ചെയ്തു .അപ്പോഴേക്കും കേസിന്റെ അവധികളില്‍ അബൂബക്കര്‍ ഹാജരാകാത്ത കാരണത്താല്‍ കേസ് നിച്ഛലാവസ്ഥയില്‍ ആയിരുന്നു .
അബൂബക്കര്‍ തര്‍ഹീലില്‍ ആണെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ തുടര്‌നടപടിക്ക് മേലുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി .സ്‌പോണ്‌സര്‍ക്കെതിരെ പരാതി നല്‍കി ആറ് മാസങ്ങള്‍ക്കു ശേഷമാണ് അബൂബക്കറെ ഹുറൂബ് ആക്കിയതെന്നു പിന്നീട് തര്‍ഹീലില്‍ മേധാവിയെ ബോധ്യപ്പെടുത്തിയപ്പോള്‍ ഒരു സഊദി പൗരന്റെ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വദേശി പൗരനുമായി തര്‍ഹീലില്‍ എത്തിയെങ്കിലും അന്ന് സമയം കഴിഞ്ഞതിനാല്‍ തൊട്ടടുത്തദിവസം എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു .തൊട്ടടുത്ത ദിവസം സ്വദേശി പൗരനുമായി ഷാനവാസ് തര്‍ഹീലില്‍ എത്തിയെങ്കിലും വിട്ടയക്കാന്‍ കഴിയില്ലെന്ന നിലപാടാ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചപ്പോള്‍ വീണ്ടും തര്‍ഹീല്‍ മേധാവിയെ കണ്ടു വിട്ടയക്കണമെന്ന നിര്‍ദ്ദേശം കിട്ടിയെങ്കിലും ക്ഷുഭിതരായ തര്‍ഹീല്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി കേസില്‍ ഇടപെടുന്നു എന്ന കാരണം പറഞ്ഞു ഷാനവാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് എംബസി ഉദ്യോഗസ്ഥരുടെയും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റും സുപ്രീം കോര്‍ട്ട് അഭിഭാഷകനുമായ ജോസ് എബ്രഹാം മറ്റു സാമൂഹിക പ്രവര്‍ത്തകരുടെയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ആറ് ദിവസങ്ങള്‍ക്കു ശേഷം ഷാനവാസിനെ വിട്ടയക്കുന്നതു .അതേ സമയം അബൂബക്കറിന്റെ മോചനത്തിനായി പ്രവാസിലീഗല്‍ സെല്ലിന്റെ കീഴില്‍ ഷാനവാസ് രാമഞ്ചിറയുടെ നേതൃത്വത്തില്‍, ലത്തീഫ് തെച്ചി, പി സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നജുമുദ്ദീന്‍ വൈലത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നയമ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."