വന്യമൃഗങ്ങള്‍ക്ക് ഭക്ഷണ സമൃദ്ധി; വൈല്‍ഡ് ലൈഫ് ഫുഡ് പാര്‍ക്ക് നിര്‍മാണം ആരംഭിച്ചു
വടക്കാഞ്ചേരി: വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്ന കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ വിപ്ലവാത്മകമായ പദ്ധതിക്ക് തുടക്കം. വനവന്യ ജീവി സംരക്ഷണം നമ്മുടെ കടമയാണെന്ന മുദ്രാവാക്യവുമായി വനമേഖലയില്‍ വൈല്‍ഡ് ലൈഫ് ഫുഡ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി.
വന്യജീവികള്‍ക്ക് വെള്ളവും, ആഹാരവും ലഭ്യമാകാത്തത് മൂലം അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയും കര്‍ഷകര്‍ക്ക് വന്‍ കാര്‍ഷിക നാശം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. വന പ്രദേശങ്ങളില്‍ മാവ്, പ്ലാവ്, പേര, കശുമാവ്, ഞാവല്‍, പൈനാപ്പിള്‍, പപ്പായ, ചാമ്പ എന്നിവ വച്ച് പിടിപ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം ചെറിയ തടയണകള്‍ നിര്‍മിക്കാന്‍ വനം വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തും.
ആവശ്യമായ സഹായങ്ങളും നല്‍കും. വൈല്‍ഡ് ലൈഫ് ഫുഡ് പാര്‍ക്ക് നിര്‍മാണോദ്ഘാടനം ഇന്നലെ രാവിലെ നടന്നു. ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് വച്ച് പൂങ്ങോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ.ടി സജീവ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് ഒ.ആര്‍ സോമശേഖരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
പഞ്ചായത്ത് മെമ്പര്‍ കെ.സി രാജന്‍, കെ.ആര്‍ പ്രഭാശങ്കര്‍, തോമസ്.എം.മാത്യു, സി.ആര്‍ രാധാകൃഷ്ണന്‍, പി.കെ സുബ്രഹ്മണ്യന്‍, എ.എന്‍ അയ്യപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."