തെറ്റായ പത്രവാര്‍ത്ത: സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ രാജി ഭീഷണി
ഏറ്റുമാനൂര്‍: പ്രമുഖദിനപത്രത്തില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റിയെ കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയതിനെ ചൊല്ലി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് രാജി ഭീഷണി മുഴക്കി.
മെയ് 30ന് നടന്ന നഗരസഭാ കൗണ്‍സിലില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായി എന്നുള്ള വാര്‍ത്ത പ്രമുഖ പത്രത്തില്‍ ചെയര്‍മാന്റേതായ പ്രസ്താവനയോടെ പ്രസിദ്ധീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ചതില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനെതിരെ ഉയര്‍ന്ന ആരോപണം ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്കെതിരെ എന്നാക്കി ചിത്രീകരിച്ചായിരുന്നു വാര്‍ത്ത. നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ആയതിനാല്‍ മഴക്കാലപൂര്‍വ്വശുചീകരണപ്രവര്‍ത്തനങ്ങളുടെ ചുമതല സെക്രട്ടറിയെ ഏല്‍പ്പിച്ചുവെന്നുമുള്ള ചെയര്‍മാന്റെ അറിയിപ്പോടു കൂടിയായിരുന്നു പത്രവാര്‍ത്ത. ഈ വാര്‍ത്തയില്‍ ഒരു വരിയെങ്കിലും അന്ന് നടന്ന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ താന്‍ ഇപ്പോള്‍ രാജിവെയ്ക്കാമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് വെല്ലുവിളിച്ചു.
വാര്‍ത്ത തെറ്റായിരുന്നുവെന്ന് മാത്രം ചില അംഗങ്ങള്‍ പറഞ്ഞതൊഴിച്ചാല്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ മറ്റാരും പ്രതികരിച്ചേയില്ല. ഇതിനുശേഷം സെക്രട്ടറി സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ചെയര്‍മാന്‍ മഴക്കാലപൂര്‍വ്വശുചീകരണങ്ങളുടെ ചുമതല തന്നെ ഏല്‍പ്പിച്ചതെന്നു പറഞ്ഞു. എന്നാല്‍ മെയ് 30ലെ കൗണ്‍സിലിന്റെ പിറ്റേന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ് വന്നത്. മാത്രമല്ല വിവാദമായ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുത്തിരുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."