സി.പി.എം സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കുന്നു
ബി.ജെ.പിക്കെതിരായി മതേതര ജനാധിപത്യ ചേരിക്ക് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസിനാകും. കോണ്‍ഗ്രസിനു മാത്രമേ അതാകൂ എന്ന സുവ്യക്തമായ ഉത്തരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നല്‍കുന്നത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ബദലാകുമെന്ന് മാധ്യമങ്ങളടക്കം പ്രവചിച്ച ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തായി. മധ്യപ്രദേശില്‍ ബി.ജെ.പി ശക്തികേന്ദ്രമായ ആള്‍ടാറില്‍പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹേമന്ദ് കട്ടാരെ വിജയിച്ചു.
കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടുള്ള മല്‍സരമായിരുന്നു ഏറക്കുറേ എല്ലായിടത്തും. 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക കോണ്‍ഗ്രസ് പതാകയ്ക്കു കീഴില്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി നേതാവ് യെദ്യൂരപ്പയും പരിവാരങ്ങളും ഈ രണ്ടു മണ്ഡലങ്ങളിലും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കോണ്‍ഗ്രസിന്റെ ജനകീയാടിത്തറയെ തൊടാന്‍ പോലുമായില്ല. വടക്കുനിന്ന് മോദി ഉയര്‍ത്തിവിട്ട ഫാസിസ്റ്റ് ഭൂതത്തെ നേരിടാനുള്ള കൊടുങ്കാറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെക്കു നിന്നാരംഭിക്കുന്നതിന്റെ ശക്തമായ സൂചനയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ബി.ജെ.പി ഉയര്‍ത്തിവിടുന്ന വര്‍ഗീയ ഫാസിസത്തിനും ജനാധിപത്യവിരുദ്ധതക്കും ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന ആത്മവഞ്ചനാപരമായ വാദമാണ് സി.പി.എം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
സി.പി.എം ദേശീയ നേതൃത്വത്തിന് ഈ അഭിപ്രായമല്ലെങ്കിലും കേരളത്തിലെ സി.പി.എം നേതൃത്വം പുട്ടിന് പീരയെന്ന പോലെ ഇടയ്ക്കിടെ ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതോടൊപ്പം കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് ഗീബല്‍സിയന്‍ മാതൃകയില്‍ കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ബി.ജെ.പിയുടെ മത ഫാസിസത്തിന് ബദലാകാന്‍ പോയിട്ട് എതിരേ ഒന്നു ശബ്ദിക്കാന്‍ പോലും സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ കഴിയില്ല. എന്നിട്ടും ഊന്നുവടിയുടെ സഹായത്തോടെ വേച്ചുവേച്ചു നടക്കുന്നവന്‍ മല്ലയുദ്ധത്തിന് വെല്ലുവിളിക്കും പോലെയാണ് ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ക്കുമാത്രമേ കഴിയൂവെന്നുള്ള സി.പി.എമ്മിന്റെ അവകാശ വാദം.
ഈ ലേഖനം................ അച്ചടിച്ചുവരുമ്പോഴേക്കും മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് തുടങ്ങിയിരിക്കും. കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പുകള്‍ പോലെ തന്നെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു ഫലവും ദേശീയ രാഷ്ട്രീയത്തില്‍ ദിശാസൂചികയായിരിക്കും. മോദിക്കെതിരേയുള്ള കൊടുങ്കാറ്റ് തെക്കുനിന്ന് തുടങ്ങുമെന്ന് ഞാന്‍ ആദ്യമേ സൂചിപ്പിച്ചതും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കൂടി കണക്കിലെടുത്തുകൊണ്ടാണ്. അവിടെ യു.ഡി.എഫ് നേടുന്ന വലിയ വിജയം തെക്കുനിന്നുള്ള ബി.ജെ.പി വിരുദ്ധ കൊടുങ്കാറ്റിന് കൂടുതല്‍ ശക്തി പകരും.
കേരളത്തിലെ സി.പി.എം ഇടതുമുന്നണി നേതൃത്വം ഇപ്പോഴും ദിവാസ്വപ്നങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ധിച്ചുവരുന്ന പ്രസക്തി കാണാന്‍ അവര്‍ക്കാകുന്നില്ല, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കാനാണ് അവര്‍ക്കിഷ്ടം.
അവര്‍ക്കുണ്ടെന്നവകാശപ്പെടുന്ന ബി.ജെ.പി വിരുദ്ധതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന നിലപാടുകളാണ് പലപ്പോഴും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോണ്‍ഗ്രസ് നശിച്ചുകണ്ടാല്‍ മതിയെന്ന പഴയ നാത്തൂന്‍ പോരിന്റെ മാനസിക നിലവാരത്തിലാണ് കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷവും ഇപ്പോഴും നിലനില്‍ക്കുന്നത്.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സി.പി.എമ്മും സി.പി .ഐയും രണ്ടു ധ്രുവങ്ങളില്‍നിന്ന് പരസ്പരം വാക്‌പോര് നടത്തുകയാണ്. സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ പോലും ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി ഇന്ത്യയിലെ മതേതര ശക്തികളെ ഒരുമിപ്പിക്കുമെന്ന് വീമ്പിളക്കുന്നത്. ഇവിടെ യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെ ബീ ടീമായി നിന്നുകൊണ്ട് കോണ്‍ഗ്രസിനെതിരേ കളിക്കുകയാണ് സി.പി.എം. പക്ഷേ, ഗോള്‍ വീഴുന്നത് സ്വന്തം പോസ്റ്റിലേക്കാണെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."