മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുത്: സമസ്ത
കോഴിക്കോട്: ഇന്ത്യ അതിനിര്‍ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന് ഒരുപോലെ അപകടകരമായ ഫാസിസവും തീവ്രവാദവും നാട്ടില്‍നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടണം. മതേതരത്വത്തിനും ജനാധിപത്യത്തിനും കളങ്കം ഉണ്ടാക്കുന്നവര്‍ അധികാരം കൈയാളാന്‍ ഇടവരരുത്. മതേതര ശക്തികള്‍ പരസ്പരം പോരടിക്കേണ്ട സമയമല്ലിത്. ജനാധിപത്യ കക്ഷികള്‍ തങ്ങളുടെ കടമ വിസ്മരിക്കരുത്. വര്‍ഗീയ കക്ഷികള്‍ അധികാരത്തിലേറിയാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടി വരും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമോ വിവേചനമോ ഇല്ല. എന്നാല്‍ രാജ്യനന്മക്ക് വേണ്ടി സമസ്ത എക്കാലത്തും അതിന്റെ കടമ നിര്‍വഹിക്കാറുണ്ട്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ടവകാശം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്. ദേശീയതലത്തിലെ സമുന്നത മതേതര ജനാധിപത്യനേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ഗുണകരമാണെന്നും അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."