തുക അനുവദിച്ചതില്‍ ആശയക്കുഴപ്പം വഖ്ഫ് ബോര്‍ഡിന് 3.74 കോടി അനുവദിച്ച് സര്‍ക്കാര്‍
കോഴിക്കോട്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഗ്രാന്‍ഡായി സര്‍ക്കാര്‍ 3,74,16,000 രൂപ അനുവദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷല്‍ ഗ്രാന്‍ഡ് ഇനത്തില്‍ 132 ലക്ഷം രൂപയും അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്‍ഡായി 72 ലക്ഷം രൂപയും 2017 മുതലുള്ള രണ്ടു വര്‍ഷത്തെ സ്‌പെഷല്‍ ഗ്രാന്‍ഡ് കുടിശ്ശികയായി 119.76 ലക്ഷം രൂപയും അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്‍ഡ് കുടിശ്ശികയായി 50.4 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പണമില്ലാതെ ദൈനംദിന കാര്യങ്ങള്‍ക്കുപോലും പ്രയാസം അനുഭവിക്കുന്ന ബോര്‍ഡിന് ഇത് ഏറെ ആശ്വാസമാകും.
അതേസമയം, സര്‍ക്കാര്‍ തുക അനുവദിച്ചതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച നടപ്പുവര്‍ഷത്തെ ഗ്രാന്‍ഡ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിക്കേണ്ട തുകയും മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്‍ഡ് എന്ന പേരില്‍ സാമൂഹ്യക്ഷേമ ഗ്രാന്‍ഡാണ് അനുവദിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വന്ന പിശകാണിതെന്നും വഖ്ഫ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ഗ്രാന്‍ഡ് ഇനിയും കിട്ടാനുണ്ട്. മാത്രമല്ല, കോഴിക്കോട് വഖ്ഫ് ട്രൈബ്യുണല്‍ സ്ഥാപിക്കുന്ന ചെലവിലേക്ക് നല്‍കിയ ഫണ്ട് തിരിച്ചുനല്‍കിയിട്ടില്ലെന്നും ഇതുകൂടി അനുവദിക്കണമെന്നും അഭിപ്രായമുണ്ട്. 50 ലക്ഷം രൂപയോളം വഖ്ഫ് ബോര്‍ഡ് ഫണ്ടില്‍നിന്ന് ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിക്കിടെ ബോര്‍ഡിന്റെ തനതുഫണ്ടില്‍നിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും നല്‍കിയത് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ നിര്‍ത്തിവച്ചാണ് ഇത്ര വലിയ തുക നല്‍കിയത്. വകുപ്പ് മന്ത്രി ചെയര്‍മാനും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വൈസ് ചെയര്‍മാനുമായുള്ള സാമുഹ്യസുരക്ഷാ പദ്ധതി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വഖ്ഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാര്‍ക്ക് പെന്‍ഷനും 260 രോഗികള്‍ക്ക് ചികിത്സാ സഹായവും പാവപെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും ഉള്‍പ്പെടെ മൂന്ന് കോടി രൂപ വഖ്ഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്ന് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
തൊട്ടടുത്ത ദിവസം ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗത്തില്‍ വച്ച് ചികിത്സാസഹായവും വിവാഹ സഹായവും ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നായിരുന്നു ചെയര്‍മാന്റെ പ്രഖ്യാപനം. എന്നാല്‍, അതേ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായവും വിവാഹ സഹായവും പണമില്ലെന്ന് പറഞ്ഞ് നിര്‍ത്തിവച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഭീമമായ തുക നല്‍കുന്നതിനെതിരേ മൂന്ന് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ അമിതാവേശം കാണിച്ച വകുപ്പ് മന്ത്രിയും ചെയര്‍മാനും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പണം ലഭിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച തുകയേക്കാള്‍ കൂടുതല്‍ തുക അനുവദിച്ചിട്ടും വഖ്ഫ് ബോര്‍ഡിന് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ മടിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെതിരേ ശക്തമായി രംഗത്തുവന്നു. ഇതിന് പിന്നാലെയാണ് 3.74 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."