വെള്ളാനകളായ ജലസേചന പദ്ധതികള്‍; വിദഗ്ധ പഠനത്തിന് ശേഷം മാത്രം പണം മുടക്കും
കല്‍പ്പറ്റ: ജില്ലയിലെ പണി തീരാത്ത നാല് ജലസേചന പദ്ധതികള്‍ സംബന്ധിച്ച് വിദഗ്ധ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കാരാപ്പുഴ, ബാണാസുരസാഗര്‍ ഉള്‍പ്പെടെ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും എവിടെയും എത്താതെ കിടക്കുന്ന പദ്ധതികളില്‍ ഇനി പണം ചെലവഴിക്കും മുമ്പ് വിദഗ്ധ പഠനം നടത്താനാണ് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല സമിതി യോഗം തീരുമാനിച്ചത്.
വിദഗ്ധ സമിതി പഠനത്തിനുശേഷം പദ്ധതികള്‍ക്ക് തുക ചെലവിട്ടാല്‍ മതിയെന്നാണ് തീരുമാനം. വര്‍ഷം തോറും കോടികള്‍ വകയിരുത്തി പദ്ധതികളെ കറവപ്പശുവാക്കുന്ന പതിവ് രീതി മാറ്റി ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തുക അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
1971ല്‍ തുടങ്ങിയ ബാണാസുരസാഗര്‍ ജലവൈദ്യുത പദ്ധതിയും 1978ല്‍ ആരംഭിച്ച കാരാപ്പുഴ ജലസേചന പദ്ധതിയും ഇതിനകം വിഴുങ്ങിയത് കോടികളാണ്.
കാര്‍ഷിക ജില്ലയായ വയനാട്ടില്‍ ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ ജലസേചനമെത്തിക്കാന്‍ തുടങ്ങിയ പദ്ധതികളില്‍ നേട്ടമുണ്ടാക്കിയത് കരാറുകാരും ഉദ്യോഗസ്ഥരും മാത്രമാണ്. 11.5 കോടി രൂപ ചെലവില്‍ പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോട്ടത്തറ, വെങ്ങപ്പള്ളി, പനമരം പഞ്ചായത്തുകളിലെ കൃഷിഭൂമിയില്‍ ജലസേചനം എത്തിക്കാനുള്ള പദ്ധതിയില്‍ ഇതുവരെ ചെലവായത് 53.18 കോടിയാണ്. പദ്ധതി ചെലവ് 185 കോടിയായി പുനര്‍നിര്‍ണയിച്ചെങ്കിലും ഒരു തുണ്ട് കൃഷി ഭൂമിയില്‍ പോലും വെള്ളം ഇതുവരെ എത്തിച്ചിട്ടില്ല.
ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്ന് അഞ്ച് ടി.എം.സി വെള്ളം കുറ്റ്യാടി വൈദ്യുതി പവര്‍സ്‌റ്റേഷനിലേക്ക് നല്‍കി ബാക്കിവരുന്ന 1.7 ടി.എം.സി വെള്ളം 2800 ഹെക്ടര്‍ കൃഷി ഭൂമിക്ക് നല്‍കാനാണ് ലക്ഷ്യമിട്ടത്. മെയിന്‍ കനാലുകളുടെ പണിയും വിതരണ കനാലുകളുടെ പണിയും പൂര്‍ത്തിയായിട്ടില്ല. വിതരണ കനാലുകള്‍ നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കലും ഇഴഞ്ഞ് നീങ്ങുകയാണ്.
മെയില്‍ കനാലിന്റെ കാപ്പുണ്ടിക്കല്‍ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം എത്തിക്കാന്‍ കഴിയും.
ഇപ്പോള്‍ അനുവദിച്ച രണ്ട് കോടി കര്‍ലോട്ട് പടിക്കല്‍ ഡൈവേര്‍ഷന്‍ ചേംബര്‍ നിര്‍മാണത്തിനാണ് നീക്കി വെച്ചത്. അതേ സമയം ഈ തുക മെയിന്‍ കനാലിന്റെ കാപ്പൂണ്ടിക്കല്‍ ഭാഗത്ത് പാതി വഴിയിലാക്കിയ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കാവര, പേരാല്‍, കര്‍ലോട് ഭാഗത്തെ കൃഷിയിടങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ ഏക്കര്‍ കണക്കിന് പാടങ്ങളാണ് വെള്ളമില്ലാത്തതിനാല്‍ തരിശിട്ടിരിക്കുന്നത്.
പതിനാറാം മൈലില്‍ നിര്‍മാണത്തിനിടെ കനാല്‍ തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചതോടെ ഈ ഭാഗത്തെ പ്രവര്‍ത്തികള്‍ മുടങ്ങിയതാണ്.
കനാല്‍ നിര്‍മിക്കാന്‍ ഭൂമി വിട്ട് കൊടുത്ത കര്‍ഷകര്‍ക്ക് ഭൂമിയും നഷ്ടമായി, വെള്ളവും കിട്ടിയില്ല എന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ടെന്‍ഡര്‍ ചെയ്ത് ഇതിനകം പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികള്‍ പോലും മുടങ്ങി കിടക്കുകയാണ്.
ഡാം സ്പില്‍വേയുടെ വലത് ഭാഗത്തു നിന്ന് ആരംഭിക്കുന്ന പ്രധാന കനാലിന്റേയും പടിഞ്ഞാറത്തറ, വെണ്ണിയോട് ബ്രാഞ്ച് കനാലുകളുടെയും, വയലുകളില്‍ വെള്ളമെത്തിക്കാന്‍ 64.02 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 14 വിതരണ കനാലുകളുടേയും നിര്‍മാണമൊക്കെ ഇനിയും പൂര്‍ത്തിയാകണം.
കനാല്‍ നിര്‍മാണത്തിന്റെ പേരില്‍ ഏക്കറുകണക്കിന് ഫലഭൂയിഷ്ടമായ ഭൂമി ഏറ്റെടുത്ത് തരിശായി കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."