മോറത്തോട് പദ്ധതി നാളെ നാടിന് സമര്‍പ്പിക്കും: എം.എല്‍.എ
പറവൂര്‍: പുത്തന്‍വേലിക്കര പഞ്ചായത്തിന്റെ കാര്‍ഷികസമൃദ്ധി വീണ്ടെടുക്കാന്‍ കഴിയുന്ന മോറത്തോട് പുനരുദ്ധാരണപദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ അറിയിച്ചു. സമഗ്ര പദ്ധതിയായ മോറത്തോട് പുനരുദ്ധാരണത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. പതിനാലര കോടി രൂപ ചിലവില്‍ നാലു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മോറത്തോട് ചിറ ചെളിയും പായലും നീക്കി വശങ്ങള്‍ കരിങ്കല്ല് കെട്ടി സുരക്ഷിതമാക്കിയതുള്‍പ്പെടെ അഞ്ചു കോടി രൂപ ചെലവഴിച്ചാണ് മോറത്തോട് കോളനിമുതല്‍ തോണ്ടല്‍ തോട് വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ദീര്‍ഘനാളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇപ്പോള്‍ നിറവേറുന്നത്. തോടിന്റെ ആഴവും വീതിയും കൂട്ടുകയും ബണ്ട് ഉയര്‍ത്തുകയും ഇരുവശങ്ങളിലുമായി 1215 മീറ്റര്‍ നീളത്തില്‍ പുറംബണ്ട് സംരക്ഷണ ഭിത്തിയും കെട്ടിയിട്ടുണ്ട്.
വേലിയേറ്റ സമയത്ത് പാടശേഖരങ്ങളിലേക്ക് ഓരുവെള്ളം കയറാതിരിക്കുന്നതിന് രണ്ട് തടയണയും നിര്‍മ്മിച്ചിട്ടുണ്ട്. 150 ഹെക്ടര്‍ നെല്‍കൃഷിക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തോണ്ടല്‍തോട് മുതല്‍ പുത്തന്‍വേലിക്കര ജംഗ്ഷന്‍ വരെയുള്ള രണ്ടാം ഘട്ടം ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. കേരള ഭൂവികസന കോര്‍പറേഷന്‍ നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്ത് അങ്കണത്തില്‍ രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.വി തോമസ് എം.പി മുഖ്യാതിഥിയാകും. കേരള ഭൂവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍, മുന്‍ എം.എല്‍.എ പി. രാജു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ലാജു തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."