'നടക്കാവ് ഗേള്‍സ് സ്‌കൂള്‍ മോഡല്‍' ഇനി യു.കെ യൂനിവേഴ്‌സിറ്റിയില്‍ പഠനവിഷയം
കോഴിക്കോട്: നടക്കാവ് സ്്കൂള്‍ മോഡല്‍ ഇനി യു.കെ യൂനിവേഴ്‌സിറ്റിയില്‍ പഠന വിഷയം. കോഴിക്കോട് നടക്കാവിലെ 120 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിന്റെ പ്രസിദ്ധമായ പുനര്‍നവീകരണ പദ്ധതിയാണ് ബ്രിട്ടനിലെ ഗ്ലാസ്‌ഗോയിലുള്ള സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയില്‍ കേസ് സ്റ്റഡിയായിരിക്കുന്നത്. സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ഹണ്ടര്‍ സെന്റര്‍ ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പിലെ ചാന്‍സ്‌ലേഴ്‌സ് ഫെല്ലോവായ ഡോ. ശ്രീവാസ് സഹസ്രനാമമാണ് വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യസേവന സംരംഭം എന്ന നിലയില്‍ നടക്കാവ് മോഡലിനെ കേസ് സ്റ്റഡിയാക്കിയിരിക്കുന്നത്. 'ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍: വിദ്യാഭ്യാസത്തോടുള്ള മനുഷ്യസ്‌നേഹപരമായ സമീപനം' എന്ന ശീര്‍ശകത്തിലുള്ള കേസ് സ്റ്റഡി ഇതേ സര്‍വകലാശാലയിലെ കോര്‍പറേറ്റ് സംരംഭകത്വ ക്ലാസുകളില്‍ പാഠ്യവിഷയമായും ഉപയോഗിക്കും.
ഒരു പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ വന്‍തോതില്‍ പണം ചെലവഴിച്ച് വിജയിപ്പിച്ച പദ്ധതി എന്ന നിലയിലാണ് കേസ് സ്റ്റഡി. വെല്ലുവിളികള്‍ നേരിട്ട് എങ്ങനെ ഒരു സ്വകാര്യ സാമൂഹ്യസേവന സ്ഥാപനം മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാവുന്ന ഒരു മാതൃകാ പുനര്‍നവീകരണം നടപ്പാക്കി എന്നത് പഠനം ഉയര്‍ത്തിക്കാണിക്കുന്നു. ആസൂത്രിതമായ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള കേരള സര്‍ക്കാരിന്റെ പ്രിസം (പ്രൊമോട്ടിങ് റീജ്യനല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേഡ്‌സ്) പദ്ധതിയുമായി സഹകരിച്ചാണ് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ പ്രവര്‍ത്തനം.
സ്‌കൂളിലെ കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം, പുതിയ ആധുനിക ക്ലാസ്‌റൂമുകള്‍, ടോയ്‌ലറ്റുകള്‍, ഹാള്‍, സയന്‍സ് സെന്റര്‍, അസ്‌ട്രോ ടര്‍ഫുള്ള കളിക്കളം, വലിപ്പത്തിലുള്ള അടുക്കള, മികച്ച ലൈബ്രറി എന്നിവ ഉള്‍പ്പെട്ടതായിരുന്നു നടക്കാവ് മോഡലില്‍ ഉള്‍പ്പെട്ടത്. അടിസ്ഥാനസൗകര്യ നിര്‍മാണം ഓഫ്‌സൈറ്റ് നിര്‍മാണവിദ്യ ഉപയോഗിച്ച് 9 മാസത്തില്‍ പൂര്‍ത്തിയാക്കി.
നവീകരണം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സര്‍ക്കാര്‍ സ്‌കൂളായി നടക്കാവ് സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."