അനധികൃത ഹോംസ്റ്റേകള്‍ വ്യാപകമാകുന്നു
മട്ടാഞ്ചേരി: ടൂറിസം കേന്ദ്രങ്ങളില്‍ അനധികൃത ഹോംസ്റ്റേകള്‍ വ്യാപകമാകുന്നു. മണ്‍സൂണ്‍ ടൂറിസം കേന്ദ്രങ്ങളായ കൊച്ചി, മൂന്നാര്‍, വയനാട് മേഖലകളില്‍ ഹോം സ്റ്റേകള്‍ സീസണ്‍ കാലങ്ങളില്‍ കൂണുകള്‍പ്പോലെ ഉയരുകയാണ്.
ടൂറിസം അധികൃതരില്‍ നിന്ന് ലൈസന്‍സും പൊലിസിന്റെ അംഗീകാരങ്ങളോടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. ഇവിടെ താമസിക്കാനെത്തുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ നിശ്ചിത സമയത്തിനകം പൊലിസില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. പല കേന്ദ്രങ്ങളിലും ഹോം സ്റ്റേ ഉടമകള്‍ ഇത് പാലിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ദേശ സുരക്ഷയ്‌ക്കൊപ്പം സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഇതിടയാക്കുകയാണ്. വര്‍ഷങ്ങളായി അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 3000 ല്‍ ഏറെ ഹോംസ്റ്റേകള്‍ തരംതിരിക്കല്‍ നടത്താത്തത് മൂലം കടുത്ത പ്രതിസന്ധി നേരിടുകയാണന്ന് ഹോം സ്റ്റേ ഉടമ സംഘടനകള്‍ പറയുന്നു.
മുറികള്‍ വിസ്തീര്‍ണം, കുടുംബാംഗങ്ങള്‍, ഭാഷാനൈപുണ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളാണ് തരംതിരിക്കലിന് ആധാരം. കൊച്ചിയില്‍ 300ല്‍ 20 ശതമാനത്തില്‍ താഴെയാണ് ഹോം സ്റ്റേ തരംതിരിക്കല്‍ നടന്നത്. വൈദ്യുതി, വെള്ളം എന്നിവയില്‍ വാണിജ്യനിരക്ക് ഈടാക്കുന്നത് ഒഴിവാക്കണമെന്നാവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വിനോദ സഞ്ചാര വകുപ്പിന്റെ കെടുകാര്യസ്ഥതയും നിരുത്തരവാദ സമീപനവും ഹോം സ്റ്റേ മേഖലയുടെ തകര്‍ച്ചയ്ക്കിടയാക്കുകയാണ്. അനധികൃത ഹോം സ്റ്റേകള്‍ക്കെതിരെ ശക്തമായ നടപടിക്ക് ടുറിസം, പൊലിസ് അധികൃതര്‍ തയ്യാറാകണമെന്ന് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."