കമ്പത്തെ കഞ്ചാവ് 'രാജാവ്'പിടിയില്‍
പിടിയിലായത് കമ്പം ഉത്തമപുരം സ്വദേശി ശിങ്കരാജ്
കമ്പത്തു നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനി
കോട്ടയം: കമ്പത്തെ കഞ്ചാവ് 'രാജാവി'നെ ജില്ലാ പൊലിസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും - ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കമ്പം ഉത്തമപുരം സ്വദേശി ശിങ്കരാജ് (പാണ്ഡ്യന്‍ - 63) ആണ് അറസ്റ്റിലായത്. 40 വര്‍ഷമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇയാള്‍ ആദ്യമായാണ് കേരള പൊലിസിന്റെ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കമ്പത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനിയാണ് ശിങ്കരാജ്. ഇയാളുടെ നേതൃത്വത്തില്‍ ഉത്തമപുരത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നത്.
ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍ കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത് ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ്. ഈ സംഘത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള വന്‍ നിര തന്നെ ഉള്‍പ്പെട്ടിട്ടുണ്ട്. മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ അകമ്പടിയിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. ജില്ലയിലെ അടുത്ത അനുയായിക്ക് കഞ്ചാവ് നല്‍കാന്‍ ശിങ്കരാജ് നേരിട്ട് എത്തുമെന്ന് ജില്ലാ പൊലിസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം കഞ്ചാവുമായി നഗരത്തില്‍ രഹസ്യ കൂടിക്കാഴ്ചയ്ക്ക് എത്തിയ പ്രതിയെ ഈസ്റ്റ് എസ്.എച്ച്.ഒ ജി.ബിനു , എസ് .ഐ മഹേഷ് കുമാര്‍, കുറവിലങ്ങാട് എസ്.ഐ ടി.ആര്‍ ദിപു , ആന്റി ഗുണ്ട സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ് , അംഗങ്ങളായ എ.എസ്.ഐ ഐ.സജികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പി.എന്‍ മനോജ് , ലഹരി വിരുദ്ധ സ്‌ക്വാഡ് എ.എസ്.ഐ നൗഷാദ് , സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പി.വി മനോജ് ,സി.പി.ഒ റിച്ചാര്‍ഡ് , ഈസ്റ്റ് പൊലിസിലെ എസ്.സി.പി.ഒ ജോര്‍ജ് വി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു. പൊലിസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'മലയാളികള്‍ക്ക് കഞ്ചാവ് കൊടുത്ത് മടുത്തു'
കോട്ടയം: ശിങ്കരാജിനായി വലവിരിച്ച് കാത്തിരുന്ന് ഒടുക്കം പിടികൂടിയ പൊലിസിന് ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത്. മലയാളികളാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു.
മലയാളികള്‍ക്ക് കഞ്ചാവ് കൊടുത്ത് മടുത്തു എന്നാണ് ഒരു അനുയായിയോട് ഒരിക്കല്‍ ഇയാള്‍ പറഞ്ഞിരുന്നത്. ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് ഉത്തമപുരത്തെ കോളനികളിലാണ് പ്രതിയും സംഘവും ഒളിപ്പിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളുടെ മുറിയില്‍ ഭൂമിക്കടിയില്‍ അറയുണ്ടാക്കിയാണ് ഈ മാഫിയ സംഘം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഈ മുറികളില്‍ ഭീമാകാരന്മാരായ നായ്ക്കളുടെ കാവലിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിന് ശിങ്കരാജ് ഒരിക്കലും നേരിട്ട് എത്തിയിരുന്നില്ല. അത്ര അടുപ്പമുള്ളവരുമായി മാത്രമാണ് ഇയാള്‍ നേരിട്ട് ഇടപാട് നടത്തിയിരുന്നത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയിരുന്നവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധമുള്ള മാഫിയ സംഘത്തെ പിടികൂടുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."