ധ്രുവീകരണത്തിന്റെ കേരള മോഡല്‍
നാലു പതിറ്റാണ്ടായി ഇരു മുന്നണി രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന കേരളത്തെ ബി.ജെ.പി- സി.പി.എം ഏറ്റുമുട്ടല്‍ വേദിയാക്കി മാറ്റിയെടുക്കാന്‍ അഥവാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ മുഖ്യ പോരാട്ടത്തില്‍നിന്ന് പുറന്തള്ളാന്‍ സി.പി.എമ്മിനും ബി.ജെ.പി.ക്കും താല്‍പ്പര്യമുണ്ട്. ശക്തമായ ഇരുമുന്നണി രാഷ്ട്രീയമാണ് ഇതുവരെ സംഘ് സ്വാധീനത്തില്‍ നിന്ന് കേരളത്തെ മാറ്റിനിര്‍ത്തിയത്. സി.പി.എമ്മിനെതിരായി ബി.ജെ.പി ആക്രോശിക്കുമ്പോഴും ആര്‍.എസ്.എസിനെതിരായി സി.പി.എം ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോഴും ഇരുവരും സമാനമായ മനസ് കൂടി പങ്കുവയ്ക്കുന്നുണ്ട്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ വോട്ട് ഇനി ബി.ജെ.പിക്കും ബി.ജെ.പി വിരുദ്ധ വോട്ട് ഇനി സി.പി.എമ്മിനും എന്നതിലേക്കെത്തിക്കാനാണ് കുറച്ചുകാലമായി ഇരുവരും അധ്വാനിക്കുന്നത്. പലപ്പോഴും ജനാധിപത്യ വിരുദ്ധമായ രീതിയിലും ഈ സമാനരുടെ പോരാട്ടം കനക്കുന്നു.
എന്‍.വി കൃഷ്ണവാര്യര്‍ എഴുതിയതുപോലെ വലങ്കാലിലെ ചളി ഇടങ്കാല്‍ കൊണ്ടു തുടച്ചും ഇടങ്ക ാലിലെ ചളി വലങ്കാല്‍ കൊണ്ട് തുടച്ചും മുന്നേറുകയായിരുന്നു കേരളീയര്‍. കക്ഷികള്‍ വരുകയും പിളരുകയും വളരുകയുമൊക്കെ ചെയ്താലും കോണ്‍ഗ്രസും സി.പി.എമ്മും നേതൃത്വം നല്‍കുന്ന രണ്ടു മുന്നണികള്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരുന്നു. 1977 ഒഴിച്ചുനിര്‍ത്തിയാല്‍ ഭരണമുന്നണിക്കെതിരായിരുന്നു കേരളീയരുടെ തെരഞ്ഞെടുപ്പ് വിധികള്‍.
ജനസംഘം, രൂപീകരിച്ച കാലം മുതലേ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം വലിയ തോതില്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് നേരത്തേ തന്നെ കേരളം. 1977ലെ തെരഞ്ഞെടുപ്പില്‍ ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടി ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. 1980 മുതല്‍ ബി.ജെ.പി ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥികളത്രയും കെട്ടിവച്ച പണം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുകയാണ് ചെയ്തുപോന്നിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പലതും ബി.ജെ.പി ഭരിച്ചിട്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടും കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല.
ഇക്കുറി അക്കൗണ്ട് തുറക്കുമെന്നതായിരുന്നു പ്രമുഖ നേതാക്കളുടെ പോലും അവകാശവാദം. 2016ല്‍ തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ. രാജഗോപാല്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. ഏതാനും മണ്ഡലങ്ങളില്‍ രണ്ടാമതാവാനും 25 മണ്ഡലങ്ങളില്‍ നിര്‍ണായക വോട്ടുകള്‍ കരസ്ഥമാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.
പരമ്പരാഗതമായി യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ ഒരു ഭാഗം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലേക്ക് മാറിയപ്പോള്‍ ഇരു മുന്നണികളില്‍ നിന്നും വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തിയെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ കേരളത്തിലും വിജയം നേടാന്‍ കഴിയുമെന്ന വിശ്വാസം ഇന്ന് ബി.ജെ.പി സൂക്ഷിക്കുന്നു.
മുസ്‌ലിംലീഗിനെ മുന്‍ നിര്‍ത്തി ചില വര്‍ഗീയ കാര്‍ഡുകള്‍ മുമ്പ് സി.പി.എം ഇറക്കിയിട്ടുണ്ട്. മുക്രി, മുല്ല പെന്‍ഷനും ശരീഅത്ത് പരിഷ്‌കരണ വാദവും ഇവയില്‍ പെട്ടതാണ്.
ഇതു രണ്ടും ഇറങ്ങി വന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ തലച്ചോറില്‍ നിന്നായിരുന്നു. സംസ്ഥാന ഖജനാവില്‍നിന്ന് മുസ്‌ലിം പള്ളിയിലെ മുക്രിമാര്‍ക്കും മുല്ലമാര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നുവെന്ന് ഇ.എം.എസ് പറഞ്ഞത് വഖ്ഫ് ബോര്‍ഡിന്റെ ഇത്തരത്തിലെ ഒരു പദ്ധതിയെ മുന്‍ നിര്‍ത്തിയാണ്. ഇത് മറ്റു സമുദായങ്ങളിലുണ്ടാക്കാവുന്ന അതൃപ്തി സി.പി.എമ്മിന് അക്കാലത്ത് മുതല്‍ കൂട്ടായിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമത്തിന് നേരെയുള്ള സി.പി.എമ്മിന്റെ കടന്നാക്രമണത്തിന്റെയും പിന്നില്‍ മറ്റൊന്നല്ല. ഇന്നും ഇതേ തരത്തിലെ കാര്‍ഡുകള്‍ സി.പി.എം വീശുന്നുണ്ട്. പക്ഷേ, ഇവയൊന്നും പണ്ടത്തെ പോലെ സി.പി.എമ്മിന് വോട്ടായി മാറില്ലെന്ന് തിരിച്ചറിയാത്തതാണോ അതല്ല അത്തരം ചേരി തിരിവ് മറ്റൊരു തരത്തില്‍ ഗുണമായി ഭവിക്കുമെന്ന പ്രത്യാശയാണോ കാരണമെന്നറിയില്ല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ഇത്തരം വാദങ്ങള്‍ ആവര്‍ത്തിക്കുന്നു.
2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ അഞ്ചാം മന്ത്രി വിവാദം ഉണ്ടായി. 140 അംഗ നിയമസഭയില്‍ 73 പേരുടെ മാത്രം പിന്തുണയുള്ള യു.ഡി.എഫില്‍ 20 എം.എല്‍.എമാരടങ്ങിയ മുസ്‌ലിംലീഗിന് 21 അംഗ മന്ത്രിസഭയില്‍ അഞ്ചു പേര്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് അഞ്ചാം മന്ത്രി വിവാദമായി മാറി സാമുദായികാന്തരീക്ഷത്തെ അലോസരപ്പെടുത്തിയത്. യു.ഡി.എഫില്‍ എത്ര മന്ത്രിമാര്‍ വേണമെന്നും മന്ത്രിക്ക് ഏത് വകുപ്പു വേണമെന്നും ഓരോ പാര്‍ട്ടിക്കും എത്രവീതം മന്ത്രി വേണമെന്നതുമെല്ലാം യു.ഡി.എഫിന്റെ ആഭ്യന്തര കാര്യം മാത്രമായിരുന്നു.
മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളില്‍ നാലു മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍, ഗവ. ചീഫ് വിപ്പ് സ്ഥാനങ്ങളും മുമ്പ് വഹിച്ച മുസ്‌ലിംലീഗ് ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് പദവികള്‍ക്ക് പകരം മന്ത്രിയെ വേണമെന്നാവശ്യപ്പെട്ടതാണ് അഞ്ചാം മന്ത്രി വിവാദമായി മാറിയത്. ഇതിനെ സാമുദായിക ചുവയുള്ള വിവാദമാക്കി മാറ്റിയ ആദ്യ വെടിപൊട്ടിയത് കോടിയേരി ബാലകൃഷ്ണനില്‍ നിന്നാണ്. ലീഗിന്റെ അഞ്ചാം മന്ത്രി സാമുദായിക സന്തുലിതത്വം തകര്‍ക്കുമെന്ന് കോഴിക്കോട്ടാണ് കോടിയേരി ആദ്യം പ്രസ്താവിച്ചത്.
21 അംഗ മന്ത്രിസഭയില്‍ അഞ്ചു ലീഗ് മന്ത്രിമാരും കോണ്‍ഗ്രസുകാരനായ ഒരു മുസ്‌ലിം അടക്കം ആറു മുസ്‌ലിം മന്ത്രിമാരുമുണ്ടാകുകയാണെങ്കില്‍ ഏത് സാമുദായിക സന്തുലിതാവസ്ഥയാണ് തകരുകയെന്ന് കോടിയേരിയോട് തിരിച്ചു ചോദിക്കേണ്ടവര്‍ പോലും സൗകര്യപൂര്‍വം കോടിയേരിയെ ഏറ്റുപിടിക്കുകയാണ് ഉണ്ടായത്.
ജനസംഖ്യയാണോ നിയമസഭാ പ്രാതിനിധ്യമാണോ എന്താണ് മന്ത്രിമാരുടെ നിയമനത്തിന്റെ അടിസ്ഥാനമെന്ന് വിശദീകരിക്കപ്പെട്ടതുമില്ല. ഇടതുമന്ത്രിസഭകളിലെ സാമുദായിക പ്രാതിനിധ്യം സന്തുലിതമായിരിക്കുമെന്നാണ് കരുതേണ്ടതെങ്കില്‍ കേരള മന്ത്രിസഭയില്‍ മുസ്‌ലിംകള്‍ക്ക് കൂടിയ പ്രാതിനിധ്യം രണ്ടാണ്. ഇവരുടെ മന്ത്രിസഭകളില്‍ ഒന്നോ രണ്ടോ പേരാണ് മുസ്‌ലിം സമുദായത്തില്‍നിന്നുണ്ടാകാറ്.
മലപ്പുറത്ത് ലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി പറഞ്ഞത് ഇതോടൊപ്പമാണ് വായിക്കേണ്ടത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവര്‍ ലീഗിനൊപ്പം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം.
ഈ വെല്‍ഫെയര്‍, എസ്.ഡി.പി.ഐ കക്ഷികളുടെ പിന്തുണ ഇടതിന് മുമ്പുകിട്ടിയതാണെന്ന് അദ്ദേഹം വിസ്മരിക്കുന്നുവെന്നത് മാത്രമല്ല, ധ്രുവീകരണത്തിന്റെ മറുഫലം സി.പി.എമ്മിന് ലഭിക്കുമെന്ന തെറ്റിദ്ധാരണയാണ്. യു.പിയിലെ യോഗിയെയും പാണക്കാട് തങ്ങളെയും ഉപമിച്ചതിലെയും ലാക്ക് വ്യക്തം. പക്ഷേ, വര്‍ഗീയത ഇളക്കിവിട്ടാല്‍ അതിന്റെ ഗുണഫലം സി.പി.എമ്മിനും ഇടതിനും ലഭിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇനിയും കോടിയേരി സംഘം മനസ്സിലാക്കിയിട്ടില്ലെന്നുണ്ടാവുമോ?
സി.പി.എമ്മിന്റെ ബീഫ് കച്ചോടവും ആര്‍.എസ്.എസിന് നേരെയുള്ള ആക്രോശവുമെല്ലാം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെന്നത് ശരി. ഇതിന്റെ ഫലമായി സംഘ്പരിവാറിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ കൂടെ നിന്നോളൂ എന്നാഹ്വാനം ചെയ്യുകയാണ് സി.പി.എം. അപ്പുറത്ത് ബി.ജെ.പിയും ഇതേ നയം സ്വീകരിക്കുന്നു. അക്രമാസക്തമായി തന്നെ അവര്‍ സി.പി.എമ്മിനെ നേരിടുകയാണ്.
രാഷ്ട്രീയത്തിന്റെ മുഖ്യധാരയെ സി.പി.എമ്മും ബി.ജെ.പി.യും പകുത്തെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ ഉദാര ജനാധിപത്യ പാര്‍ട്ടികള്‍ അപ്രസക്തമാകുമെന്നാണ് ഇരു കൂട്ടരുടെയും കണക്കുകൂട്ടല്‍. കേരളത്തില്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ആര്‍.എസ്.എസ് വിരുദ്ധരുണ്ട്. കമ്മ്യൂണിസ്റ്റുകളോടൊപ്പം കമ്മ്യൂണിസ്റ്റ് വിരുദ്ധരുമുള്ള നാടാണ് കേരളം. ബി.ജെ.പി വിരുദ്ധതയുടെ ചാംപ്യന്മാരായി സി.പി.എം മാറുമ്പോള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാകുന്നു. ഈ വോട്ടുകള്‍ ഇത്രകാലം കോണ്‍ഗ്രസിനും കൂട്ടാളികള്‍ക്കും കിട്ടിപ്പോന്നതാണ്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ പ്രവര്‍ത്തനം നടത്തുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി കിണഞ്ഞ് പരിശ്രമിക്കുന്നു. യു.ഡി.എഫിന്റെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കാന്‍ എല്‍.ഡി.എഫും ആഗ്രഹിക്കുന്നു. ജിഷ്ണു കേസിലെ സമരങ്ങളാവട്ടെ, തിരുവനന്തപുരം ലോ അക്കാദമി സമരമാകട്ടെ യു.ഡി.എഫ് മുന്‍പന്തിയിലുണ്ടായിരുന്നു.
ഇതിനെ ബി.ജെ.പി- കോണ്‍ഗ്രസ് സമരമായി കാണാനാണ് സി.പി.എം ശ്രമം. യു.ഡി.എഫ് ഭരണകാലത്ത് സോളാര്‍ വിഷയത്തിലടക്കം ബി.ജെ.പിയും സി.പി.എമ്മും ഒരേ ആവശ്യമുന്നയിച്ച് സമരം നടത്തിയിരുന്നു. അന്ന് സി.പി.എം- ബി.ജെ.പി സമരമെന്ന് ഒന്നിനെയും ആരും വിശേഷിപ്പിച്ചു കണ്ടില്ല.
കേരള രാഷ്ട്രീയം സി.പി.എം- ബി.ജെ.പി പോരാട്ടരംഗമാക്കി മാറ്റുന്നത് തല്‍ക്കാലത്തേക്കെങ്കിലും ഇരു കക്ഷികള്‍ക്കും ഗുണകരമായേക്കാം. ആത്യന്തികമായി കേരളത്തിന് പെരുത്ത് നഷ്ടമാണുണ്ടാക്കുക. കോര്‍പറേറ്റ് രാഷ്ട്രീയ ശൈലിക്ക് മുന്നില്‍ ഉദാര ജനാധിപത്യ ശക്തികള്‍ പരാജയപ്പെട്ടെന്ന് വരാം. അത് ആ പാര്‍ട്ടികളുടെ മാത്രം പരാജയമല്ല, ഉദാര ജനാധിപത്യത്തിന്റെ തന്നെ പരാജയമാണ്. ആത്യന്തികമായി പൗരസ്വാതന്ത്ര്യത്തിന്റെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."