പ്രതിഷേധവുമായി നാട്ടുകാര്‍ ; കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല. പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാലിതിറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയായിരുന്നു സംസ്‌കാരം മുടങ്ങിയത്. രാവിലെ തന്നെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിന് പള്ളി ഇടവകയില്‍ സംസാരിക്കുകയും ഇതനുസരിച്ച് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചെത്തി പ്രതിഷേധമറിയിച്ചത്. ഇവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചിരുന്നു. ഒന്‍പത് ഡോക്ടര്‍മാര്‍ ഇവിടെ ക്വാറന്റീനിലാണ്. പേരൂര്‍ക്കട ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെടുന്നത്. എന്നാല്‍ വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. വൈദികന്റെ സമ്പര്‍ക്കപ്പട്ടിക ഇതുവരെ തയ്യാറാക്കാനായിട്ടില്ല.
ഏപ്രില്‍ 20 നാണ് ഇദ്ദേഹത്തെ ഒരു അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഭേദമായ ശേഷം ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ വെച്ച് ശ്വാസ തടസവും ന്യൂമോണിയയും വന്നതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ വെച്ചാണ് കൊവിഡ് പോസിറ്റിവാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ ഇദ്ദേഹത്തിന് ആശുപത്രിയില്‍ വെച്ച് കൊവിഡ് ബാധിച്ചതാണോ അതല്ല വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെ മരിച്ച വൈദികന്റെ രോഗ ഉറവിടവും ഇതുവരെ വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."