ഡിജിറ്റല്‍ വിദ്യാഭ്യാസം പിന്തിരിപ്പന്‍ നയം; കേന്ദ്രത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി സി.പി.എം
ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡിന്റെ മറവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. താല്‍ക്കാലികമായാണെങ്കിലും ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പിലാക്കണമെങ്കില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അതിനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ അംഗീകാരമില്ലാത്ത ഈ ഡിജിറ്റല്‍ പഠനരീതി വിദ്യാര്‍ഥികളുടെ ഭാവിയെയാണ് ബാധിക്കുക. സാങ്കേതിക വിദ്യക്ക് പുറത്തുള്ളവരെ കൂടി ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളാകുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവനയില്‍ പറഞ്ഞു.
പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാങ്കേതിക വിദ്യാഭ്യാസം പകരമാകരുത്. ലോക്ഡൗണ്‍ കാരണം വിദ്യാഭ്യാസ മേഖല താറുമാറായിട്ടുണ്ടെങ്കിലും വലിയ വിഭജനമുള്ള ഡിജിറ്റല്‍ സമ്പ്രദായത്തെ വിദ്യാഭ്യാസ രംഗത്തേക്ക് തിരുകികയറ്റി അലങ്കോലപ്പെടുത്തരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത പരാജയമാണെന്നും മഹാമാരിക്കാലത്തും കേന്ദ്രം ന്യൂനപക്ഷ വേട്ടയാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇന്നും ഇന്നലെയും ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഈ മാസം 16 ന് കേന്ദ്രസര്‍ക്കാരിനെതിരേ ദേശവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കുക, കൊവിഡ് പശ്ചാത്തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറുമാസത്തേക്ക് 7500 രൂപ വീതം ധനസഹായം നല്‍കുക, ഓരോരുത്തര്‍ക്കും പത്ത് കിലോ ഭക്ഷ്യ ധാന്യം ആറു മാസത്തേക്ക് നല്‍കുക, തൊഴിലില്ലായ്മ വേതനം നല്‍കുക, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കുക, സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക, പൊതു സ്വത്ത് കൊള്ളയടിക്കുന്നത് നിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാകും പ്രതിഷേധം സംഘടിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."