ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയിലെ തട്ടിപ്പ് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷിക്കും
കല്‍പ്പറ്റ: ഭൂരഹിത ആദിവാസികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ വില്ലേജ് ഓഫിസറുടെ വിശദീകരണം സര്‍ക്കാര്‍ തള്ളി.
പാടിച്ചിറയിലെ മുന്‍ വില്ലേജ് ഓഫിസര്‍ കെ.ജി രേണകുമാര്‍ നല്‍കിയ വിശദീകരണമാണ് തള്ളിയത്. വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ വയനാട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പിക്കണം.
ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി പാടിച്ചിറ വില്ലേജില്‍ ഭൂമി ഏറ്റെടുത്തതിലെ നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 2016 ഡിസംബറില്‍ രേണകുമാറിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഭൂമി ഏറ്റെടുക്കലില്‍ അഴിമതിയുണ്ടെന്ന വ്യാപകമായ പരാതികളെതുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പാടിച്ചിറ വില്ലേജ് ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പാടിച്ചിറ വില്ലേജിലെ റീസര്‍വെ നമ്പര്‍ 358 വണ്‍ എ വണ്‍ എ വണ്‍ എ യില്‍പെട്ട 26.86 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചതില്‍ സര്‍ക്കാരിന് നഷ്ടം വരുത്തിവെച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്.
2014ലായിരുന്നു സംഭവം. 71 കുടുംബങ്ങള്‍ക്കായിട്ടാണ് ഭൂമി കണ്ടെത്തിയത്. നിലവിലുള്ളതിനേക്കാള്‍ കൂടിയ വിലക്ക് ഭൂമി സര്‍ക്കാരിനെക്കൊണ്ട് ഭൂമി ഏറ്റെടുപ്പിക്കാന്‍ പാടിച്ചിറ വില്ലേജ് ഓഫിസര്‍ ജില്ലാ തല പര്‍ച്ചേസിങ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത് നടത്തിയ വില നിര്‍ണയത്തില്‍ അതേ ഭൂമിക്ക് കുറഞ്ഞ വിലയാണ് കാണിച്ചത്. ഇതോടെ ആദ്യം സ്ഥലത്തിന് വില നിര്‍ണയിച്ചതില്‍ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നാണ് കണ്ടെത്തിയത്.
രേണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിനു ശേഷം സര്‍ക്കാര്‍ അദ്ദേഹത്തിന് കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. രേഖാമൂലം നല്‍കിയ മറുപടിയില്‍ അദേഹം കുറ്റം നിഷേധിച്ചു. ഇത് തൃപ്തികരമല്ലെന്ന് കണ്ട് രേണകുമാറിനെതിരേ അച്ചടക്ക നടപടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായി ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം ഭൂമി വാങ്ങിയതിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണമുള്ളത്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വില കാണിച്ച് സര്‍ക്കാരിനെക്കൊണ്ട് ഭൂമി ഏറ്റെടുപ്പിച്ച് ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ട് ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതിയുയര്‍ന്നത്.
ഇത് ശരിവെക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാടിച്ചിറ വില്ലേജിലാണ് ഭൂമി സംബന്ധമായ ക്രമക്കേടുകള്‍ കൂടുതല്‍ നടന്നത്. ആലത്തൂര്‍, മുള്ളന്‍കൊല്ലി, ചെത്തിമറ്റം, അമ്പത്താറ്, വേലിയമ്പം എന്നിവിടങ്ങളിലും തട്ടിപ്പ് നടന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ആലത്തൂരില്‍ രണ്ടു പേരുടെ എട്ട് ഏക്കര്‍ സ്ഥലം ഏക്കറിന് 21 ലക്ഷം രൂപ വച്ച് വാങ്ങി.
വില്ലേജ് ഓഫിസറുടെ മൂല്യനിര്‍ണയത്തില്‍ ഈ സ്ഥലത്തിന് 39 ലക്ഷം രൂപ വിലയിട്ട് ഏറ്റെടുത്തതായും ഏക്കറിന് 18 ലക്ഷം വച്ച് എട്ട് ഏക്കറില്‍ നിന്നും ഒന്നരകോടിയോളം രൂപ തട്ടിയെടുത്തുവെന്നും മുമ്പ് എല്‍.ഡി.എഫ്. ആരോപണമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."