രാത്രിയാത്രാ നിരോധനം: കേസ് തീര്‍പ്പാക്കും മുമ്പ് ബദല്‍ നിര്‍ദേശം വയ്ക്കണം
കല്‍പ്പറ്റ: ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വനപ്രദേശത്ത് എഴ് വര്‍ഷത്തിലധികമായി തുടരുന്ന രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ബദല്‍ നിര്‍ദേശം വയ്ക്കണമെന്ന് ജനതാദള്‍-എസ് ദേശീയ സമിതിയംഗം പി.എം ജോയി ആവശ്യപ്പെട്ടു.
അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കേസില്‍ പരിഹാര നിര്‍ദേശങ്ങള്‍ സുപ്രിംകോടതി മുമ്പാകെ വയ്ക്കുന്നില്ലെങ്കില്‍ റോഡ് പൂര്‍ണമായും അടയ്ക്കാനാണ് സാധ്യത. ഇത് ഒഴിവാക്കുന്നതിനു ഉതകുന്ന തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി എടുക്കണം.
അടഞ്ഞ റോഡുകള്‍ തുറക്കുന്നതിനു പല സംസ്ഥാനങ്ങളും നടപടി സ്വീകരിക്കുന്നില്ല. രാജ്യത്ത് കേരളം മാത്രമാണ് റോഡ് തുറക്കുന്നതിനുവേണ്ടി ശ്രമിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രികാല ഗതാഗത നിരോധനത്തെ സര്‍ക്കാറുകള്‍ സാധൂകരിക്കുകയാണ്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ അടുത്തകാലത്ത് സുപ്രിം കോടതി രാത്രികാല ഗതാഗത നിരോധനം ബാധകമാക്കി.
കര്‍ണാടക സര്‍ക്കാര്‍ കാളി നാഷനല്‍ പാര്‍ക്കില്‍ രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.
വനമേഖലകളിലെ രാത്രികാല ഗതാഗതനിരോധം നീക്കുന്ന തരത്തിലല്ല അടുത്തകാലത്തെ സുപ്രിം കോടതി നിലപാടുകള്‍-ജോയി പറഞ്ഞു.
സാഹചര്യങ്ങള്‍ വിശദീകരിച്ചും സുപ്രിം കോടതിയില്‍ ബദല്‍ നിര്‍ദേശം ഉടന്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."