വി. മുരളീധരനെ തള്ളി മുഖ്യമന്ത്രി: വിമാനം വരുന്നതിന് സര്‍ക്കാര്‍ നിബന്ധന വച്ചിട്ടില്ല, സാധിക്കാതെപോയത് കേന്ദ്രത്തിന് ഉദ്ദേശിച്ച രീതിയില്‍ വിമാനങ്ങള്‍ സജ്ജമാക്കാനാണ്
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് ആരോപിച്ച വി മുരളീധരനെ തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കിയത്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്നും പറഞ്ഞിട്ടില്ല. കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. അതില്‍ കുറ്റപ്പെടുത്താനാവില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നല്‍കി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസത്തില്‍ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു. ജൂണില്‍ 360 വിമാനങ്ങള്‍ വരണം. ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്'.
'വലിയൊരു ദൗത്യമായതിനാല്‍ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. വന്ദേ ഭാരത് മിഷനില്‍ ഇനി എത്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാല്‍ അനുമതി നല്‍കും. 40 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 26 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നുമാണ് ആവശ്യപ്പെട്ടു. മറ്റു വ്യവസ്ഥകളൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."