വിയറ്റ്‌നാം മാതൃകയില്‍ കുരുമുളക് കൃഷി
മാനന്തവാടി: പ്രതികൂല സാഹചര്യങ്ങളിലും കറുത്തപൊന്നിനെ കൈവിടാതെ പുതിയ കൃഷി രീതികള്‍ പയറ്റി കര്‍ഷകര്‍. വിയറ്റ്‌നാമിലെ കര്‍ഷകര്‍ ഉല്‍പാദന വര്‍ധനവിനായി പരീക്ഷിച്ചിട്ടുള്ള രീതിയാണ് കേരളത്തിലെ കര്‍ഷകരും പരീക്ഷണാടിസ്ഥാനത്തില്‍ പയറ്റുന്നത്.
സമ്മിശ്ര കൃഷിക്കാരനായ തരുവണ ആറുവാള്‍ സ്വദേശിയായ തോട്ടോളി അയൂബിന്റെ കുരുമുളക് കൃഷി വിയറ്റ്‌നാം മാതൃകയിലാണ്. മാനന്തവാടി എടവക രണ്ടേ നാലിലെ സഫ ഓര്‍ഗാനിക് ഫാമിലാണ് കുരുമുളക് കൃഷിയില്‍ പുതിയ രീതി അനുവര്‍ത്തിച്ചിട്ടുള്ളത്.
മരങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് താങ്ങുകാലുകള്‍ നല്‍കുന്ന രീതിയാണിത്. താങ്ങു കാലുകള്‍ക്കുള്ള രോഗബാധ തടയുന്നതിനും അതിലൂടെ കുരുമുളക് ചെടിയെ സംരക്ഷിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. പതിനഞ്ച് അടി നീളമുള്ള കോണ്‍ക്രീറ്റ് കാലുകളുടെ രണ്ടടി ഭാഗം മണ്ണില്‍ കുഴിച്ചിടും, വേര് പിടിപ്പിച്ച കുരുമുളക് നട്ടാല്‍ അതിവേഗം മരത്തില്‍ പടര്‍ന്ന് വളരാനായി പരുപരുത്ത പ്ലാസ്റ്റിക് കോണ്‍ക്രീറ്റ് തൂണില്‍ പൊതിയും, കുരുമുളക് വള്ളികള്‍ തൂണിലേക്ക് ചേര്‍ത്ത് കെട്ടും, രണ്ട് അടി വീതിയും നീളവും ഉള്ള കുഴികള്‍ എടുത്താണ് തൂണ് നാട്ടുന്നത്. ഒരേക്കറില്‍ ആയിരം താങ്ങു കാലുകള്‍ വരെ നാട്ടാനാവും.
കുരുമുക് ചെടിയും താങ്ങുമരവും തമ്മില്‍ വെള്ളത്തിനും വളത്തിനും വേണ്ടിയുള്ള മത്സരം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതു കൊണ്ട് തന്നെ ഉല്‍പാദന വര്‍ധനവുണ്ടാകും. ഒരു ചെടിയില്‍ നിന്നും മൂന്ന് കിലോ വരെ കുരുമുളക് ലഭിക്കും. ഇത്തരം രീതി അനുവര്‍ത്തിക്കുന്ന വിയറ്റ്‌നാമില്‍ ഒരേക്കറില്‍ നിന്ന് മൂന്ന് ടണ്‍ വരെ കുരുമുളക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അയൂബ് ആദ്യം ഈ രീതി പരീക്ഷിച്ചത്. രണ്ടേ നാലിലെ 9 ഏക്കര്‍ സ്ഥലത്താണ് സഫ ഓര്‍ഗാനിക് ഫാം പ്രവര്‍ത്തിക്കുന്നത്. റെഡ് ലേഡി പപ്പായ, ജര്‍ജീര്‍, വിവിധയിനം പച്ചക്കറികള്‍, വിവിധയിനം മുളകള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ജീവാമൃതം നിര്‍മിക്കുന്നതിനായി ചാണകത്തിനും മൂത്രത്തിനുമായി കാസര്‍കോടന്‍ കുള്ളന്‍ പശുവിനെയും വളര്‍ത്തുന്നുണ്ട്. കുന്നിന്‍ മുകളില്‍ നിര്‍മിച്ച മൂന്ന് മഴവെള്ള സംഭരണികളാണ് ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നത്.
മഴവെള്ള സംഭരണികളില്‍ മത്സ്യകൃഷിയും നടത്തി വരുന്നു. സമ്മിശ്ര കൃഷിയില്‍ വിജയം വരിച്ച അയൂബിന് ഇതിനോടകം വിവിധ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പുതിയ രീതികള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനായി കൃഷിയിടത്തില്‍ തന്നെ പരിശീലനവുംഈ കര്‍ഷകന്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."