പാവങ്ങാട് റെയില്‍വേ മേല്‍പാലം സ്ഥലമേറ്റെടുക്കല്‍: നടപടികള്‍ ഒരാഴ്ചയ്ക്കകം
കോഴിക്കോട്: പാവങ്ങാട് റെയില്‍വേ മേല്‍പാല നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി ഒരാഴ്ചയ്ക്കകം ആരംഭിക്കും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
തടസപ്പെട്ടിരിക്കുന്ന സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഉടമകളുടെ സമ്മതപത്രം ശേഖരിച്ച് ഒരാഴ്ചയ്ക്കകം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. വില സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്കും യോഗത്തില്‍ ധാരണയായി. പാലത്തിന്റെ ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.
നെഗോഷ്യേറ്റഡ് പര്‍ച്ചേസ് പ്രകാരം ഭൂമി നല്‍കാന്‍ സ്ഥലം ഉടമകള്‍ തയാറായാല്‍ സ്ഥലമെടുപ്പു കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ 252.804 ലക്ഷം രൂപയ്ക്കു 2015ല്‍ ഭരണാനുമതി നല്‍കിയിരുന്നു.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് കല്ലിടുന്ന പ്രവൃത്തി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നെഗോ#േഷ്യറ്റഡ് പര്‍ച്ചേസ് പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ 2017 ഓക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ജനുവരി 17നു ഡി.എല്‍.പി.സി യോഗം കൂടിയെങ്കിലും സ്ഥലവില സംബന്ധിച്ച് സ്ഥലമുടമകളുമായി ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മന്ത്രി നേരിട്ട് യോഗം വിളിച്ചുചേര്‍ത്തത്.
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളെ ഏകോപിപ്പിച്ച് നടത്തുവാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍ (എല്‍.എ), ആര്‍.ബി.ഡി.സി.ആര്‍ പ്രൊജക്ട് കോഡിനേറ്റര്‍ വി.പി വത്സരാജ്, ലാന്‍ഡ് അക്വസിഷന്‍ തഹസില്‍ദാര്‍ കെ.എ മോഹനന്‍, കൗണ്‍സിലര്‍മാരായ കെ. നിഷ, കെ. റഫീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."