ജനാധിപത്യത്തെ വിലക്ക് വാങ്ങുന്ന യെദ്യൂരപ്പമാര്‍
2008ല്‍ കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.എസ് യെദ്യൂരപ്പ 1,800 കോടി വെള്ളം പോലെ ഒഴുക്കിയെന്ന വാര്‍ത്ത കേട്ട് സ്തംഭിച്ച് നില്‍ക്കുകയാണ് യഥാര്‍ഥ രാജ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും. ഇന്ത്യന്‍ ജനാധിപത്യത്തെ കള്ളപ്പണക്കാരായ രാഷ്ട്രീയക്കാരും മതേതര ഇന്ത്യയെ ഫാസിസ്റ്റുകളും ചേര്‍ന്ന് തകര്‍ത്തു കൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ കള്ളപ്പണ വിതരണം. മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ആയിരം കോടി, 2008 ല്‍ കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് 150 കോടി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് 150 കോടി, രാജ്‌നാഥ് സിങ്ങിന് 100 കോടി, എല്‍.കെ അദ്വാനിക്ക് 50 കോടി, മുരളി മനോഹര്‍ ജോഷിക്ക് 50 കോടി, ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, അഭിഭാഷകര്‍ക്ക് 50 കോടി, ജഡ്ജിമാര്‍ക്ക് 250 കോടി എന്നിങ്ങനെയാണ് കോഴ കൊടുത്തതെന്നു യെദ്യൂരപ്പ തന്റെ ഡയറിയില്‍ കുറിച്ചിട്ടത് കാരവന്‍ മാസികയാണ് പുറത്തു കൊണ്ട് വന്നിരിക്കുന്നത്.
വിവരം പുറത്തു വന്നതിന്റെ തൊട്ട് പിറകെ നിഷേധവുമായി കര്‍ണാടക നികുതി വകുപ്പ് രംഗത്ത് വന്നത് ഇത് സംബന്ധിച്ച സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. നികുതി വകുപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കാനെന്ന വ്യാജേന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണു ധൃതിപ്പെട്ട് യെദ്യൂരപ്പക്ക് നിരപരാധിത്വ പട്ടം ചാര്‍ത്തിക്കൊടുത്തത്. തൊട്ടുപിന്നാലെ ബി.ജെ.പി ആദായ നികുതി വകുപ്പിന്റെ വിശദീകരണാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗപ്രവേശം ചെയ്തത് അതിലേറെ ദുരൂഹത ഉയര്‍ത്തുന്നു. ആദായ നികുതി വകുപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനെന്നവണ്ണം ആദായനികുതി വകുപ്പ് ഡയരക്ടര്‍ ജനറല്‍ (ഗോവ, കര്‍ണാടക) ബി.ആര്‍ ബാലകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം മുക്കാല്‍ പങ്കും ചെലവഴിച്ചത് യെദ്യൂരപ്പയുടെ 'നിരപരാധിത്വം' ബോധ്യപ്പെടുത്താനായിരുന്നു.
വ്യക്തമായ തെളിവ് കിട്ടിയിട്ടും ആദായ നികുതി വകുപ്പ് നടപടിയെടുത്തില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെ വാല ആരോപിച്ചതിന് പിന്നാലെയാണു ആദായ നികുതി വകുപ്പ് യെദ്യൂരപ്പക്ക് തുണയായി രംഗപ്രവേശം ചെയ്തത്. കര്‍ണാടകയിലെ ഖനി മാഫിയാ തലവന്‍ ജനാര്‍ദനന്‍ റെഡ്ഡിയാണ് ജനാധിപത്യത്തെ വിലക്ക് വാങ്ങാന്‍ യെദ്യൂരപ്പക്ക് സഹായിയായത്. ഇത് സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ എന്ത് കൊണ്ട് കാരവനെതിരേയും ഇതര മാധ്യമങ്ങള്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.
കള്ളപ്പണക്കാരും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും കൂട്ടുചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ വിലക്ക് വാങ്ങിക്കൊണ്ടിരിക്കുകയാണിന്ന്. അഴിമതി രാഷ്ട്രത്തെ ഇങ്ങനെ കാര്‍ന്ന് തിന്നുമ്പോള്‍ പൗരസമൂഹത്തിന് ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും. ഇത് സമൂഹത്തെ അരാഷ്ട്രീയ വാദത്തിലേക്കായിരിക്കും എത്തിക്കുക. അത് വഴി രാജ്യത്ത് അരാജകത്വമായിരിക്കും നടമാടുക. ചിലപ്പോള്‍ ജനാധിപത്യ യജമാനന്മാര്‍ക്കെതിരേയും ഫാസിസ്റ്റുകള്‍ക്കെതിരേയും കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യെ വമ്പിച്ചൊരു ജനമുന്നേറ്റത്തിനായിരിക്കും വഴിവയ്ക്കുക. അത് വഴി കള്ളപ്പണക്കാരായ രാഷ്ട്രീയ നേതാക്കളുടെ കോട്ടകൊത്തളങ്ങളായിരിക്കും തകര്‍ന്ന് വീഴുക. ഒരു ബദല്‍ രാഷ്ട്രീയ സംസ്‌കാരത്തിനായിരിക്കും അത്തരമൊരു തകര്‍ച്ച വഴിവയ്ക്കുക. ഡല്‍ഹിയിലെ ആം ആദ്മി ഭരണം ഇതിനൊരു മികച്ച ഉദാഹരണമാണ്.
പൊതു സമൂഹത്തിന് രാഷ്ട്രീയ നേതൃത്വങ്ങളിലും ഉദ്യോഗസ്ഥമേധാവികളിലും ഉള്ള വിശ്വാസം തകര്‍ന്നു പോയിരിക്കുന്നു. ഒരിക്കല്‍ തകര്‍ന്ന വിശ്വാസ്യത തിരികെ പിടിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ജനം ഏറെനാള്‍ ഇങ്ങനെ നിസംഗതയോടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും അഴിമതികളും കൊള്ളരുതായ്മകളും സഹിക്കുമെന്ന് കരുതുക വയ്യ. അസംതൃപ്തരാകുന്ന യുവസമൂഹം പൊട്ടാനായി നില്‍ക്കുന്ന അഗ്‌നിപര്‍വതം പോലെയാണെന്ന് ഭരണവര്‍ഗം ഓര്‍ക്കണം. ഇപ്പോഴത്തെ സാമൂഹിക നിരാശയില്‍നിന്ന് മുതലെടുത്താണ് കള്ളപ്പണക്കാരായ രാഷ്ട്രീയ നേതൃത്വങ്ങളും ഖനി മാഫിയകളും കൂടുതല്‍ അഴിമതി നടത്തുന്നത്. ഇത് എക്കാലവും തുടരാമെന്നവര്‍ മോഹിക്കരുത്. അഴിമതി സാമൂഹിക ദുരന്തവും കൂടിയാണ്. അത് ജനക്ഷേമത്തെയും രാജ്യപുരോഗതിയെയും തടസപ്പെടുത്തുന്നു. അഴിമതിയില്‍ ഇന്ത്യ ലോകത്ത് എണ്‍പതാംസ്ഥാനത്തും ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തുമാണ്. രാജ്യത്തെ ജനങ്ങളില്‍ 40 ശതമാനം മുതല്‍ 60 ശതമാനം പേരും അഴിമതി കാരണം നിത്യജീവിതത്തില്‍ അതിന്റെ ദുരിതം പേറുന്നവരാണ്. 2014 കണക്ക് പ്രകാരം പ്രതിവര്‍ഷം ഇന്ത്യയില്‍ 6,30,000 കോടി രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇപ്പൊള്‍ അതിലധികം വര്‍ധിച്ചിട്ടുണ്ടാകണം. അധികാരത്തിന്റെ ഇടനാഴികള്‍ മാഫിയ തലവന്മാരുടെ ഇടനിലക്കാര്‍ കൈയടക്കിയതിന്റെ ദുരന്തഫലങ്ങളാണിതൊക്കെയും. സംസ്ഥാന ഭരണകൂടത്തിന്റെ സിരാകേന്ദ്രവും ഇത്തരം മാഫിയകളില്‍നിന്ന് മുക്തമല്ല. മന്ത്രിമാരെ മറികടന്ന് വകുപ്പ് സെക്രട്ടറിമാര്‍ ഉത്തരവിറക്കുന്ന വിചിത്ര കാഴ്ചകളാണ് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ നേതൃത്വ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അഴിമതി തടയുവാന്‍ നിരവധി കടമ്പകള്‍ കടന്ന് ലോക്പാല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഖനി മാഫിയകളായ ജനാര്‍ദന റെഡ്ഡിമാരെയും യെദ്യൂരപ്പമാരെയും തളയ്ക്കുവാന്‍ ലോക്പാലിന് കഴിയുമെങ്കില്‍, ഒരു ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇനിയും നമ്മുടെ രാജ്യത്തിനു ഭാവിയുണ്ട് എന്നാശ്വസിക്കാം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."