ജസീന്ത ആര്‍ഡേന്‍ അടയാളപ്പെടുത്തുന്നത്
#ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്
[email protected]
അമിത ചൂഷണത്താല്‍ തരിശാക്കപ്പെട്ട ഭൂമിയില്‍, ജലസ്രോതസുകള്‍ വറ്റിയൊടുങ്ങിയപ്പോഴും, അപ്രതീക്ഷിതമായി പൊട്ടിയൊലിച്ചിറങ്ങിയ, 'ദൈവത്തിന്റെ സമ്മാനം' എന്നര്‍ഥമുള്ള പേരുകാരിയായ ജസീന്തയെന്ന സാന്ത്വന ഉറവ ആഗോള മനുഷ്യാവകാശ ചക്രവാളത്തിലെ ഒരു പുതിയ നക്ഷത്രം തന്നെയാണ്.
കാരണം, അതിദാരുണമായി മുറിവേറ്റ് പിടയുന്ന ആഗോള ന്യൂനപക്ഷ ആകുലതകളെ, ഒരൊറ്റ സ്‌കാര്‍ഫ് കൊണ്ട് തുന്നിച്ചേര്‍ത്ത്, സ്വന്തം രാജ്യത്തെ പൗരന്മാരുടെ നഷ്ടപ്പെട്ട് പോകുമായിരുന്ന ആത്മാഭിമാനത്തെ, തഴുകി ആശ്വസിപ്പിച്ച് കാവലിരിക്കുന്ന ഇത്തരമൊരു നീതിബോധമുള്ള ദീപ്തനക്ഷത്രം ഇന്നത്തെ ലോക ഭരണാധികാരികളില്‍ ഇല്ല.
വിശ്വാസ ആദര്‍ശങ്ങളില്‍ വ്യതിരിക്തത ആസ്വദിക്കുന്നവരില്‍ ചിലരെ, മതവൈര പ്രത്യയശാസ്ത്രമെന്ന 'സൈക്കോസിസി'ന് അടിമപ്പെട്ടവര്‍ ആക്രമിച്ച് ജീവനപഹരിച്ചപ്പോള്‍, അവരുടെ ബന്ധുമിത്രാദികളെ, സര്‍വം മറന്ന് ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ് ആത്മാര്‍ഥ മനുഷ്യ സ്‌നേഹത്തെ പ്രതീകവല്‍ക്കരിച്ച ജസീന്തയെ പുണ്യനക്ഷത്രം എന്നല്ലാതെ മറ്റെന്ത് വിളിക്കാനാകും?
ശാന്ത സമുദ്രത്തിന്റെ മാറിടം പോലെ മുഴച്ചു നില്‍ക്കുന്ന ഭൂപ്രദേശമായ കിവികളുടെ കൊച്ചു ദ്വീപ് സമൂഹത്തില്‍, അപ്രതീക്ഷിതമായി ഉയര്‍ന്നു പൊങ്ങുന്ന കൂറ്റന്‍ തിരമാലകളെ മെരുക്കിയെടുക്കുന്ന കരുത്തനായൊരു കപ്പിത്താനെ വെല്ലുന്ന ഡിപ്ലോമാറ്റിനെ ചരിത്രം, ഈ സാന്ത്വന നക്ഷത്രത്തിലൂടെ സമ്മാനിച്ചു..
വെറും രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വിതാനിക്കപ്പെട്ട, 'നീണ്ട വെള്ളിമേഘങ്ങളുടെ നാട്' എന്നര്‍ഥം വരുന്ന ന്യൂസിലന്‍ഡില്‍, പ്രാര്‍ഥനാ നിരതരായ അന്‍പത് നിരപരാധികളെ കൂട്ടക്കൊലയ്ക്ക് വിധേയനാക്കിയ 'വെള്ള വംശീയവാദി'യെ വെള്ളപൂശാന്‍ മുതിരാതെ, തീവ്രവാദിയെന്ന് ഉറക്കെ വിളിച്ച്, തുറുങ്കിലടച്ച്, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഭരണകൂട സംവിധാനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും കൂട്ടുപിടിച്ച്, ക്രൈസ്റ്റ് ചര്‍ച്ചിലെ ക്രിസ്തുവിന്റെ പള്ളികളോളം വിശുദ്ധമാണ് ക്രിസ്തുവിന്റെ പിന്‍ഗാമിയായ മുഹമ്മദിന്റെ (സ) വിശ്വാസികളുടെ പള്ളികളും എന്ന് പ്രഖ്യാപിച്ച് കാവലിരിക്കുന്ന ജസീന്തയല്ലാതെ മറ്റാരാണ് ഈ സമകാലീന ആകാശത്തിലെ ശുഭ്രനക്ഷത്രം?
ഡയറികളില്‍ അന്ധാളിപ്പിക്കുന്ന തുകകള്‍ സംഭാവന ചെയ്ത കുറിപ്പുകള്‍, അധികാരം, ഭരണം, രാഷ്ട്രീയം എന്നിങ്ങനെയുള്ള സ്വാര്‍ഥ ലാഭക്കണക്കുകള്‍ക്കായി എഴുതിവയ്ക്കുന്ന നമ്മുടെ രാജ്യത്ത് ജസീന്തമാര്‍ ഉദിക്കുകയില്ല. കാരണം, എതിരാളികളെ വെട്ടിക്കീറി വികൃതമാക്കിയ ശേഷം കബന്ധങ്ങളില്‍ അവശേഷിക്കുന്ന ചോരപ്പൊടികളില്‍ നാവിട്ടലക്കുന്നവരുടെ നാടാണിത്.
അറുകൊലകള്‍ക്ക് ശേഷം ക്രിമിനലുകള്‍ക്ക് സുരക്ഷയൊരുക്കുകയും ഇതരവിഭാഗത്തിന്റെ ദൈവനാമത്തില്‍ സ്റ്റിക്കറൊട്ടിക്കുകയും ചെയ്യുന്നവരുടെ മണ്ണ്. പ്രായപൂര്‍ത്തിയാകാത്ത നാടോടിപ്പെണ്‍കുട്ടികളെപ്പോലും വെറുതെ വിടാതെ പച്ചയ്ക്ക് കത്തിച്ച് ആര്‍ത്തലച്ച് അട്ടഹസിക്കുന്നവരുടെ ഭൂമി. വരികള്‍ക്കിടയിലെ നാക്കുപിഴകള്‍ വെണ്ടക്കാക്ഷര രൂപമാറ്റം സംഭവിപ്പിച്ച് സമൂഹ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന മാധ്യമ സംസ്‌കാരത്തെ വെല്ലുവിളിക്കുന്നവരുടെ ബൗദ്ധിക താവളം ഉടുപ്പൂരുന്ന ലാഘവത്വം പോലുമില്ലാതെ, അഭീഷ്ടലബ്ധി നിരസിക്കപ്പെടുമ്പോള്‍ എതിര്‍ ചേരികളിലേക്ക് കൂറുമാറി, പല്ലിളിച്ച് കാണിച്ച്, വീണ്ടും അധികാര മോഹം സേവന സന്നദ്ധതയാക്കി ദുര്‍വ്യാഖ്യാനം ചെയ്ത് പുത്തന്‍ അഭ്യര്‍ഥനകളുമായി തെരഞ്ഞെടുപ്പ് ഗോദകളില്‍ ഇറങ്ങുന്ന അടവുനയക്കാരുടെ പ്രദേശം.
കളവുകളുടെയും നുണകളുടെയും അസ്ഥിവാരത്തില്‍ കെട്ടി ഉയര്‍ത്തിയ ആപ്പീസുകളില്‍ നിന്നും ഒളിസേവകളിലൂടെ ഉല്‍പാദിപ്പിക്കപ്പെട്ട് വിജനവീഥികളില്‍ ഉപേക്ഷിക്കപ്പെടുന്ന അനാഥ കുഞ്ഞുങ്ങളുടെ കരച്ചില്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന നാട്ടുംപ്രദേശങ്ങളില്‍ നിന്നും എങ്ങനെയാണ് ജസീന്തമാര്‍ ഉയിരാര്‍ന്നു വരിക?
താലിബാന്‍, ഐ.എസ്, മതതീവ്ര ആശയങ്ങളില്‍ ആകൃഷ്ടരായി ആടുമേയ്ക്കാനെന്ന വ്യാജേന, യമനിലും സിറിയയിലും നുഴഞ്ഞു കയറുന്ന, സയണിസ്റ്റ് ഇസ്രഈലി അച്ചുതണ്ടില്‍ ഇസ്ലാമോഫോബിയ എന്ന മാരകവിഷം കുത്തിവച്ച് വിദ്വേഷത്തിന്റെ മൊത്തക്കച്ചവടം ചുമടുകളാക്കി മാറ്റി സമാധാനത്തിന്റെ ഷാരോണ്‍ കുന്നുകളിലേക്ക് ആഞ്ഞു കയറി കലാപമുണ്ടാക്കുന്ന സംസ്‌കാരികതയില്‍ ജസീന്തമാര്‍ക്ക് ഇടമില്ല തന്നെ.
വംശീയ വെറികളെയും സവര്‍ണ മുറകളെയും മതരാഷ്ട്ര സംസ്ഥാപനത്തിനായി ആയുധപ്പുരകളും ഇരുകാലികളുടെ തൊഴുത്തുകളുമാക്കി മാറ്റിയവരെയും കൊണ്ട് പൊറുതിമുട്ടുന്ന, ഇവിടം, ഒരേപോലെ പ്രതിരോധിക്കാന്‍ കഴിവുള്ള, പിടിച്ചുകെട്ടാന്‍ കെല്‍പ്പുള്ള, ഒരു ആഗോള മനുഷ്യ സ്‌നേഹത്തിന്റെ ഒരിക്കലുമസ്തമിക്കാത്ത കാര്‍ത്തിക നക്ഷത്രമായി ജസീന്തയെ പോലുള്ള ഒരു ഭരണാധികാരി ഉദിച്ചുയരേണ്ടതുണ്ട്, ചരിത്രവും കാലവും അത് കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."