അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം: വീടുകള്‍ക്ക് സുരക്ഷാഭീഷണിയെന്ന് പരാതി
പുളിക്കല്‍: ചെറുമുറ്റം വെട്ടുകാട് റോഡില്‍ അനധികൃതമായി കരിങ്കല്‍ ഖനനം തുടങ്ങാനുള്ള നീക്കത്തിനെതിരേയും തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം തേടിയും പ്രദേശവാസികള്‍ രംഗത്ത്. പരിസരത്തുള്ള വീടുകള്‍ക്കും കിണറുകളുടെ ചുറ്റു മതിലുകള്ക്കടക്കം വിള്ളലുണ്ടായി തകര്‍ച്ചയിലാണ്. ഇനിയും ക്വാറി പ്രവര്‍ത്തിച്ചാല്‍ വീടുകള്‍ തകരുമെന്ന ആധിയിലാണ് പ്രദേശവാസികള്‍. മാരകമായ സ്ഫോടനങ്ങള്‍ സമീപവാസികളുടെ ജീവിതം വളരെയധികം ദുസ്സഹമാക്കുന്നതായി ഇവര്‍ പറയുന്നു.
അര്‍ധരാത്രി മുതല്‍ തുടങ്ങുന്ന ക്വാറികളുടെ പ്രവര്‍ത്തനം തദ്ദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍, കൊണ്ടോട്ടി തഹസില്‍ദാര്‍, മലപ്പുറം മൈനിങ് ആന്‍ഡ് ജിയോളജി, വില്ലേജ് ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
അധികൃതരുടെ നിര്‍ദേശത്തെ അവഗണിച്ച് ഇവ വീണ്ടും പുനരാരംഭിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെ ക്വാറികളെ സംബന്ധിച്ചും വീടിനും കിണറുകള്‍ക്കും സംഭവിച്ചിട്ടുള്ള വിള്ളലുകള്‍ക്ക് നഷ്ടപരിഹാരവുമാവശ്യപ്പെട്ടും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശ വാസികള്‍. 20ലധികം കുടുംബങ്ങളാണ് ക്വാറി മൂലം ദുരിതത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."