മുദ്രാവാക്യങ്ങള്‍ താരങ്ങള്‍
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ 1971ലെ ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യം ഉത്തരേന്ത്യന്‍ തെരുവുകളെ ഇളക്കിമറിച്ചത് അന്നത്തെ തലമുറയില്‍പ്പെട്ടവര്‍ മറക്കാറായിട്ടില്ല. 1951ല്‍ നെഹ്‌റു ഉയര്‍ത്തിയ നയാഭാരത് ബനായേഗാ മുതല്‍ 2014ലെ ബി.ജെ.പിയുടെ അബ്കാ ബാര്‍ മോദി സര്‍ക്കാര്‍ വരെ ഓരോ തെരഞ്ഞെടുപ്പിലും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിവിട്ട തരംഗങ്ങള്‍ ചെറുതായിരുന്നില്ല.
ഓരോ തെരഞ്ഞെടുപ്പിന്റേയും താരമാണ് മുദ്രാവാക്യങ്ങള്‍. അതില്‍ ചിലത് വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു. ചിലത് തിരിച്ചടിക്കുകയും ചെയ്യും. മോദിയുടെ അച്ഛാദിന്‍ പോലെ എതിരാളികള്‍ ഉപയോഗിച്ച മുദ്രാവാക്യങ്ങള്‍ കുറവാണ്. 1971ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തിയ 36 മുദ്രാവാക്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ഗരീബി ഹഠാവോ. പ്രതിപക്ഷമുയര്‍ത്തിയ ഇന്ദിരാ ഹഠാവോ (ഇന്ദിരയെ പുറത്താക്കൂ) എന്ന മുദ്രാവാക്യത്തെ നേരിടാനാണ് ഗരീബീ ഹഠാവോ (ദാരിദ്ര്യത്തെ പുറത്താക്കൂ) എന്ന മുദ്രാവാക്യമുണ്ടായത്.
ഇന്ദിര പുറത്താവുകയും തിരിച്ചുവരികയും എല്ലാം ചെയ്തിട്ടും ഗരീബീ ഹഠാവോ തരംഗമടങ്ങാത്ത മുദ്രാവാക്യമായി നിലകൊണ്ടു. ഇന്ദിരയുടെ മരണശേഷം പിന്നാലെ വന്ന രാജീവ് ഗാന്ധി ഏറ്റെടുത്ത മുദ്രാവാക്യം ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെയും മുദ്രാവാക്യമാണ്.
2004ല്‍ ബി.ജെ.പിയെ തോല്‍പ്പിച്ച അവരുടെ തന്നെ മുദ്രാവാക്യമായ ഇന്ത്യാ ഷൈനിങ് മുതല്‍ 2015ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച പാഞ്ച് സാല്‍ കെജ്‌രിവാള്‍ വരെ നിരവധി മുദ്രാവാക്യങ്ങളുണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായിട്ട്.
1950കളില്‍ ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ മുദ്രാവാക്യം നെഹ്‌റു കി മൗത് (നെഹ്‌റുവിന്റെ മരണം) എന്നായിരുന്നു. ആദ്യകാലങ്ങളില്‍ പാര്‍ട്ടികള്‍ തന്നെയായിരുന്നു മുദ്രാവാക്യങ്ങളും തയാറാക്കിയരുന്നതെങ്കില്‍ ഇവന്റ് മാനേജ്‌മെന്റ് കാലം വന്നതോടെ ആ ജോലിയും പുറത്തുള്ള പ്രൊഫഷണല്‍ ഏജന്‍സികള്‍ക്ക് നല്‍കി. 1951ല്‍ നെഹ്‌റു നടത്തിയ ഒരു പ്രസംഗത്തിലാണ് നയാ ഭാരത് ബനായേഗാ എന്ന് പരാമര്‍ശം നടത്തിയത്. പിറ്റേന്ന് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഈ മുദ്രാവാക്യം ഏറ്റെടുത്തു.
50കളില്‍ 18 ശതമാനം മാത്രമായിരുന്നു സാക്ഷരത. അതുകൊണ്ട് തന്നെ എഴുത്തിനേക്കാള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങള്‍ക്കായിരുന്നു പ്രാധാന്യമേറെ. സാധാരണക്കാര്‍ക്ക് വേഗം മനസിലാകുന്ന വാക്കുകളായിരുന്നു നെഹ്‌റു ഉപയോഗിച്ചിരുന്നത്.
കോണ്‍ഗ്രസിനെ താഴെയിറക്കി വന്ന ജനതാ സര്‍ക്കാര്‍ 1980ല്‍ തമ്മിലടിച്ച് ഇല്ലാതായപ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു സര്‍ക്കാര്‍ വോ ചുനേ ജോ ചല്‍ സകേ (ഭരിക്കാന്‍ കഴിയുന്നവരെ തെരഞ്ഞെടുക്കൂ). ഈ മുദ്രാവാക്യമാകട്ടെ സുസ്ഥിര സര്‍ക്കാറെന്ന കോണ്‍ഗ്രസിന്റെ ആശയത്തിന് വേരോട്ടം നല്‍കി. പിന്നീട് പല രൂപത്തിലായി പല പാര്‍ട്ടികളും ഈ മുദ്രാവാക്യം ഏറ്റെടുത്ത് ഉപയോഗിച്ചിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പ് കാംപയിനില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം സുസ്ഥിരതയ്ക്ക് വോട്ടു ചെയ്യുക, കോണ്‍ഗ്രസിന് വോട്ടു ചെയ്യുക എന്നതായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം രാം, റൊട്ടി ഔര്‍ ഘര്‍ എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അച്ചാദിന്‍ ആയേഗാ ഇത്തവണ തിരിച്ചടിച്ച മോദി സര്‍ക്കാര്‍ ഫിര്‍ ഏക്ബാര്‍ മോദി സര്‍ക്കാര്‍ (ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍) എന്ന മുദ്രാവാക്യവുമായാണ് രംഗപ്രവേശം നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."