പൗരത്വസമരക്കാരെ വേട്ടയാടുന്നതിനെതിരേ പ്രതിഷേധം
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്തും യു.എ.പി.എ ചുമത്തിയും വേട്ടയാടുന്നത് തുടരുന്നതിനിടെ അതിനെതിരായ പ്രതിഷേധവും ശക്തമാകുന്നു.
ജെ.എന്‍.യു, ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലിം സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥിനേതാക്കളെ അറസ്റ്റുചെയ്തതിനെതിരേ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പാര്‍ലമെന്റംഗങ്ങളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി.
വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ സയ്യിദ് നസീര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), ഡി. രാജ (സി.പി.ഐ), ഡാനിഷ് അലി (ബി.എസ്.പി), മജീദ് മേമന്‍ (എന്‍.സി.പി), മനോജ് ഝാ (ആര്‍.ജെ.ഡി.), ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ്), ഷഫീഖുര്‍ റഹ്മാന്‍ (എസ്.പി) എന്നിവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റിപ്പബ്ലിക്കിനെത്തന്നെ അപകടത്തിലാക്കുകയാണ് ഭരണകൂടമെന്ന് രാജ വിമര്‍ശിച്ചു. യു.എ.പി.എ കൊണ്ടുവന്നതു തങ്ങളാണെങ്കിലും കുറവുകളുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എം.പി സയ്യിദ് നസീര്‍ ഹുസൈന്‍ പറഞ്ഞു. ഭരണകൂട വേട്ടയ്‌ക്കെതിരേ എല്ലാവരും ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടച്ചിടലിനുശേഷം പൗരത്വപ്രക്ഷോഭം ശക്തിയാര്‍ജിക്കുമെന്ന് കണക്കുകൂട്ടി എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭരണകൂടം ഇപ്പോള്‍ നടത്തുന്ന അറസ്റ്റുകളെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു വിദ്വേഷപ്രസംഗം നടത്തിയവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്ത പൊലിസ് നിയമത്തെ കൈയേറ്റം ചെയ്യുകയാണെന്ന് മജീദ് മേമന്‍ ആരോപിച്ചു.
രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കണമെങ്കില്‍ എല്ലാവരും ഒരുമിച്ചു പോരാടണമെന്ന് ഷഫിഖുര്‍ റഹ്മാന്‍ പറഞ്ഞു. പൗരത്വനിയമഭേദഗതി ഭരണഘടനാ മൂല്യത്തിന് എതിരായിരുന്നെന്നും അതിനെതിരേയാണ് വിദ്യാര്‍ഥികള്‍ പൊരുതിയതെന്നും ഡാനിഷ് അലി പറഞ്ഞു.
വിദ്യാര്‍ഥി നേതാക്കളായ ദേവാംഗന കാലിത, നതാഷ നര്‍വാള്‍, ജാമിഅ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളായ മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗര്‍, ഷിഫ-ഉര്‍-റഹ്മാന്‍, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ അഖില്‍ ഗൊഗോയ്, കഫീല്‍ ഖാന്‍ തുടങ്ങി നിരവധി പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ ആമിര്‍ മിന്റോയി, ഫര്‍ഹാന്‍ സുബേരി എന്നിവരെയും അറസ്റ്റുചെയ്തു.
ഇതിനെതിരേ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും രംഗത്തെത്തി.
മനുഷ്യാവകാശപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പാരീസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."