നിലം നികത്താന്‍ പുതിയ തന്ത്രവുമായി ഭൂമാഫിയ
മരട് : ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ നിലങ്ങളും തണ്ണീര്‍തടങ്ങളും നികത്താന്‍ പുതിയ തന്ത്രവുമായി ഭൂമാഫിയ രംഗത്ത്. നിലം നികത്തുന്നതോടൊപ്പം സ്ഥലത്തെ കണ്ടല്‍ ചെടികളും കടക്കല്‍ കത്തി വെയ്ക്കാതെ ഉണക്കി കളയുന്നതാണ് പുതിയ രീതി. വന്‍ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന പയലിങ് ചെളിയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചെളിയില്‍ സിമന്റ് കലര്‍ത്തി നികത്തേണ്ട സ്ഥലത്തിന്റെ ദൂരെ മാറി ഏതെങ്കിലും മതില്‍ കെട്ടിനകത്ത് ടാങ്കര്‍ ലോറിയിടും. മതിലിനടിയിലൂടെ തുരന്ന് അര കിലോമിറ്റര്‍ ദൂരത്തില്‍ പി.വി.സി കുഴലിട്ട് ചെളി നികത്തേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങിനെ ദിവസം 30 ടാങ്കര്‍ ലോറികള്‍ വിതമടിച്ച് ആറു മാസം കൊണ്ട് ഒരേക്കറോളം വരുന്ന നിലങ്ങള്‍ നികത്തിയെടുക്കുകയാണ് രീതി.
സിമന്റ് കലര്‍ത്തിയ പയലിങ് ചെളിയായതിനാല്‍ ഒരു ദിവസത്തെ വെയില് കൊള്ളുമ്പോള്‍ തന്നെ ഉറക്കും. പ്രതലം കോണ്‍ക്രീറ്റ് പോലെയാകുന്നതോടെ മഴവെള്ളം പോലും ഭൂമിക്കടിയിലേക്കിറങ്ങാതെ ചെടികള്‍ കരിഞ്ഞുണങ്ങും. പൊലിസ്, പരിസ്ഥിതി, റവനൂ തുടങ്ങിയ വിഭാഗങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ ഇത്തരത്തില്‍ നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തിയെടുക്കുന്ന രീതിയാണ് വ്യാപകമായിരിക്കുന്നത്.
മരട് നഗരസഭയില്‍ ഇത്തരത്തില്‍ ഭൂമി നികത്തിയത് പൊലിസ് പിടികൂടിയിരുന്നു.
റവന്യൂ, നഗരസഭ അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."