കൊമ്പന്‍മാര്‍ സാമൂതിരിയുടെ നാട്ടിലേക്കോ?
കോഴിക്കോട്: ഐ.എസ്.എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ഹോം സ്റ്റേഡിയമായ കൊച്ചി വിട്ട് കോഴിക്കോട്ടേക്ക് വരാനൊരുങ്ങുന്നു. കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി ഐ.എസ്.എല്‍ മത്സരങ്ങള്‍ നടത്താനാണ് ടീമിന്റെ നീക്കം. ഇതു സംബന്ധിച്ച് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ച നടത്തി.
അടുത്ത സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ കളി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. ഇവ കൂടാതെ ഗ്രൗണ്ടില്‍ നിലവിലുള്ള ഫ്‌ളഡ്‌ലൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് സ്ഥാപിക്കേണ്ട സ്‌പെസിഫിക്കേഷന്‍ തയാറാക്കുന്നതിന്റെ ചുമതലയും കോര്‍പ്പറേഷന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിനോടകം നല്‍കിക്കഴിഞ്ഞു. വി.ഐ.പി, വി.വി.ഐ.പി കളിക്കാര്‍ എന്നിവര്‍ നിലവില്‍ ഒരേ പവലിയനിലൂടെയാണ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടി ക്രമങ്ങളും അടുത്ത ദിവസം തന്നെ വിലയിരുത്തും.
നിലവില്‍ മഴവെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള ക്രമീകരണങ്ങളും ഗ്രൗണ്ടിലും പവലിയനിലും സി.സി.ടി.വി, വൈ-ഫൈ സംവിധാനം സ്ഥാപിക്കുന്ന പ്രവൃത്തിയും ദ്രുതഗതിയില്‍ നടത്തുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഗ്രൗണ്ടിന്റെ നവീകരണത്തിനായി കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായി സന്നദ്ധ ഏജന്‍സിയെ കണ്ടെത്തുമെന്നും മേയര്‍ അറിയിച്ചു. കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ വിദഗ്ധ സംഘം ഗ്രൗണ്ട് വീണ്ടും സന്ദര്‍ശിച്ച് വിലയിരുത്തി 10-ാം തിയതി മേയറുടെ ചേംബറില്‍ ഇതുസംബന്ധിച്ച അടുത്ത യോഗം ചേരും. ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളായ മുഹമ്മദ് റഫീഖ്, സിദ്ധാര്‍ഥ് പി.ശശി, ജോബി ജോബ് ജോസഫ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളായ പി. ഹരിദാസന്‍, രാജീവ് മേനോന്‍, എം.പി ഹൈദ്രോസ്, സ്‌റ്റേഡിയം പ്രവൃത്തിയുടെ ആര്‍ക്കിടെക്ട് ആര്‍.കെ രമേഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ.ജി സന്ദീപ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊച്ചി വിട്ട് കോഴിക്കോട്ടേക്ക് വരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ടീം സൂചന നല്‍കിയിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കാരണമാണ് കൊച്ചി വിടേണ്ടിവരുന്നതെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
കേരളം വിട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടെയും കോര്‍പ്പറേഷന്റെയും കെ.എഫ്.എയുടെയും നിസഹകരണവും കൊച്ചി മേയറുമായുള്ള തര്‍ക്കവും കാരണമാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കൊച്ചി സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ തന്നെ കായിക മന്ത്രി ഇ.പി ജയരാജന്‍ ഇടപെട്ടാണ് കോഴിക്കോട്ടേക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രൗണ്ട് മാറ്റത്തിന് കളമൊരുങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്റെ വരവ് മലബാറിലെ ഫുട്‌ബോള്‍ പ്രേമികളെ വലിയ ആവേശത്തിലാക്കും.
തീരുമാനത്തെ കുറിച്ച് അറിയില്ല: ഗോകുലം
കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാവുന്നു എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് ഗോകുലം. ആരും ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും സംസാരിച്ചിട്ടില്ല. നിലവില്‍ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാണ് കോര്‍പറേഷന്‍ സ്റ്റേഡിയം. മൂന്ന് വര്‍ഷമായി ക്ലബ് ഗ്രൗണ്ടും സ്റ്റേഡിയവും മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ട്. കോര്‍പറേഷന്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും എന്നാല്‍ മത്സരങ്ങള്‍ നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നുമാണ് ഗോകുലം മാനേജ്‌മെന്റിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."