അടയ്ക്കാത്തോട് സ്കൂള്‍ തകര്‍ച്ചാഭീഷണിയില്‍: ദുരന്തത്തിന് കാതോര്‍ത്ത്
കേളകം:അടയ്ക്കാത്തോട് ഗവ.യുപി സ്കൂള്‍ തകര്‍ച്ചാഭീഷണിയില്‍. നാല്‍പ്പതു വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് സ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകകരെയും ഒരു പോലെ ഭീഷണിയിലാക്കുന്നത്.
അഞ്ച് ക്ലാസ് മുറികളുള്ള ഓട് മേഞ്ഞ കെട്ടിടം തകര്‍ച്ച ഭീഷണി നേരിടുന്ന സ്ഥിതി ഉണ്ടായതിനെ തുടര്‍ന്ന് ഈ ക്ലാസ് മുറികളില്‍ പഠിച്ചിരുന്ന അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളെ സ്കൂളിന്റെ ഹാളിലേക്ക് മാറ്റുകയായിരുന്നു.നിലവില്‍ പഠിപ്പിക്കുന്നതും ഹാളിലാണ്.അഞ്ച് വര്‍ഷം മുന്‍പാണ് കെട്ടിടത്തിന്റെ തകര്‍ച്ച തുടങ്ങിയത്.
ഓടിട്ട മേല്‍ക്കുര പകുതിയോളം നിലംപൊത്തിയ അവസ്ഥയാണുള്ളത്.ചുമരിലൂടെ വെള്ളം ഇറങ്ങി കെട്ടിടം ഏതുസമയം വേണമെങ്കിലും നിലംപൊത്താം.
കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ പഞ്ചായത്തിനു നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.ഒന്‍പതു ഡിവിഷനുകളിലായി ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന അടയ്ക്കാത്തോട് ഗവ.യുപി സ്കൂളില്‍ ഈ കെട്ടിടത്തിന്റെ അരികിലൂടെയാണ് വിദ്യാര്‍ഥികള്‍ കളിക്കുന്നതും ശൗചാലയങ്ങളിലേക്ക് പോയിവരുന്നതും. അടിയന്തരമായി കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ് അധ്യാപക,രക്ഷാകര്‍തൃസമിതിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."