HOME
DETAILS
MAL
തുണിയുരിഞ്ഞ് നോക്കിയുള്ള കേസന്വേഷണം
backup
June 04 2020 | 00:06 AM
പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കത്തിലേ പറഞ്ഞതാണ്, വസ്ത്രം നോക്കിയാണ് അറസ്റ്റുണ്ടാകുകയെന്ന്. വടക്കു കിഴക്കന്‍ ഡല്‍ഹി കലാപകാരികളെ മുഖം നോക്കാതെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റ് പ്രസംഗത്തിലും പറഞ്ഞിട്ടുണ്ട്. വര്‍ഗീയതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന് കള്ളമൊന്നുമില്ല, കുറച്ച് കൗശലമുണ്ടാകാറുണ്ടെന്ന് മാത്രം. ഡല്‍ഹിയില്‍ മുസ്‌ലിം വിരുദ്ധ കലാപം നടക്കുമ്പോള്‍ ഹിന്ദുത്വ മിലിഷ്യ ഗലികളില്‍ ഏര്‍പ്പെടുത്തിയ ചെക്ക് പോസ്റ്റില്‍ തുണിയുരിഞ്ഞ് നോക്കി ഹിന്ദുവാണെന്ന ഉറപ്പുവരുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കയറ്റി വിട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ തുണിയുരിയുന്നത് പൊലിസാണ്. മുസ്‌ലിമാണോയെന്ന് നോക്കിയാണ് അറസ്റ്റ്. കൊവിഡ് കാലമാണെങ്കിലും സംഘ്പരിവാറിന്റെ വര്‍ഗീയതക്ക് മാസ്‌കിന്റെ മറപോലും വേണ്ടതില്ല. ലക്ഷ്യം വ്യക്തമാണ്. കൊവിഡ് കാലം കഴിഞ്ഞാലും പൗരത്വവിരുദ്ധ സമരം ഇന്ത്യയില്‍ പുനര്‍ജ്ജീവിക്കരുത്. കാരണം മുസ്‌ലിംകളുടെ സ്വത്വബോധത്തിലുള്ള രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ സര്‍ക്കാരിന് പേടിയാണ്. ഈ പേടിയില്‍നിന്നാണ് സംഘ്പരിവാര്‍ പോലും ജീവവായുവെടുക്കുന്നത്.
ഡല്‍ഹി കലാപത്തിന്റെ പേരിലുള്ള അന്വേഷണം എന്തുകൊണ്ടാണ് ഒരു വശത്തേക്ക് മാത്രം നീങ്ങുന്നതെന്ന് ഡല്‍ഹി പൊലിസിനോട് ചോദിച്ചത് ഡല്‍ഹി പാട്യാല ഹൗസ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മ്മേന്ദ്ര റാണയാണ്. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവച്ചുള്ള അന്വേഷണം അസ്വസ്ഥതയുണ്ടാക്കുന്ന യാഥാര്‍ഥ്യമാണെന്ന് റാണ പറഞ്ഞു. മറുവശത്തിന് എന്തു സംഭവിച്ചു, എന്തുകൊണ്ട് അന്വേഷണമുണ്ടാകുന്നില്ലെന്നും റാണ ചോദിച്ചു.
മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ പേരില്‍ മുസ്‌ലിംകളെയോ അവരെ പിന്തുണക്കുന്നവരെയോ തടവിലാക്കുന്ന വിചിത്രനീതി ഇന്ത്യയില്‍ പുതിയതൊന്നുമല്ല. എന്തുകൊണ്ടാണ് അന്വേഷണം ഒരു വശത്തേക്ക് മാത്രമായിപ്പോകുന്നതെന്ന് ഡല്‍ഹി പൊലിസിനറിയാം. രാജ്യത്തെ എല്ലാവര്‍ക്കുമറിയാം. ഗുജറാത്ത് വംശഹത്യ അന്നത്തെ മോദി സര്‍ക്കാര്‍ പദ്ധതിയായിരുന്നത് പോലെ ഡല്‍ഹി കലാപം ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകള്‍ വരെ സര്‍ക്കാര്‍ നേരത്തെ ആസൂത്രണം ചെയ്തതാണ്. അതിന് ഡല്‍ഹി മധ്യവര്‍ഗത്തിന്റെ താല്‍പര്യം പേറുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പിന്തുണയുണ്ട്. കൊവിഡ് മാത്രമാണ് അതിനിടയില്‍ രംഗബോധമില്ലാത്ത കോമാളിയായി കയറി വന്നത്. അതാകട്ടെ സംഘ്പരിവാര്‍ അവസരമായി കണ്ടിട്ടേയുള്ളൂ. കലാപകാരികളെ മുഴുവനും നിയമത്തിന് മുന്നില്‍ക്കൊണ്ടുവരുമെന്ന് അമിത്ഷാ പറയുമ്പോള്‍ മുസ്‌ലിംകള്‍ മാത്രമാണ് സംഘ്പരിവാറിന്റെ കണ്ണില്‍ കലാപകാരികളെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ചരിത്ര വായന വേണ്ടതില്ല. ലോകം മഹാമാരിയിലേക്ക് നോക്കുമ്പോള്‍ ഹിന്ദുത്വം അതിന്റെ അജന്‍ഡകളിലേക്കും അവസരങ്ങളിലേക്കുമാണ് നോക്കുന്നത്. ഫാസിസത്തിനും ഏകാധിപത്യത്തിനും ലോക്ക്ഡൗണുകള്‍ ചെറിയ അവസരമല്ല ഒരുക്കുക.
752 എഫ്.ഐ.ആറുകളാണ് പൊലിസ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 1500 പേര്‍ അറസ്റ്റിലായപ്പോള്‍ പ്രതികളില്‍ ഭൂരിഭാഗവും മുസ്‌ലിംകള്‍. മുസ്‌ലിംകളല്ലാത്തവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദുര്‍ബലമായ കേസുകള്‍. അപ്പോള്‍ ശിവ് വിഹാറില്‍ മുസ്‌ലിം വീടുകള്‍ തിരഞ്ഞുപിടിച്ചു കത്തിച്ചവര്‍, ഖജൂരി ഖാസില്‍ 86കാരിയെ വീടിനുള്ളിലിട്ടു കത്തിച്ചു കൊന്നവര്‍, ജാഫറാബാദില്‍ ഫാറൂഖിയ മസ്ജിദും മദ്‌റസയും കത്തിച്ചവര്‍ ആരായിരുന്നുവെന്നും കൊല്ലപ്പെട്ട ആറുപതോളം പേരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിപ്പോയത് എങ്ങനെയെന്നും ഇതൊന്നും ചെയ്തവര്‍ക്കെതിരേയൊന്നും കേസില്ലേയെന്നുമുള്ള ചോദ്യങ്ങള്‍ കൊവിഡ് ലോക്ക്ഡൗണില്‍ മുങ്ങിപ്പോകുകയേയുള്ളൂ. കലാപത്തില്‍ ആര്‍ക്കാണ് നഷ്ടമുണ്ടായതെന്നും ആരെല്ലാമാണ് അഭയാര്‍ഥി ക്യാംപിലുണ്ടായിരുന്നതെന്നും പൊതുസമൂഹത്തിനറിയാം. തകര്‍ക്കപ്പെട്ട നാല് ആരാധനാലങ്ങളില്‍ നാലും ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാം. 40 എഫ്.ഐ.ആറുകള്‍ പരിശോധിച്ച മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്‍ കേസില്‍ വര്‍ഗീയ പക്ഷപാതമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍ കേസെടുത്തിട്ടില്ല.
ഡി.കെ ബസുവും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള കേസില്‍ 1996ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ ലംഘനമായിരുന്നു ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഇതുവരെ പൊലിസ് നടത്തി അറസ്റ്റുകളില്ലെല്ലാം. അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് കുറ്റങ്ങള്‍ വ്യക്തമാക്കിയ മെമ്മോ നല്‍കണമെന്നാണ് ഇതിലെ പ്രധാന നിര്‍ദേശം. പൗരത്വനിയമഭേദഗതിക്കെതിരായ ജാഫറാബാദ് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ജെ.എന്‍.യു വിദ്യാര്‍ഥികളും സന്നദ്ധ സംഘടനയായ പിന്‍ജ്‌റാതോഡ് പ്രവര്‍ത്തകരുമായ നടാഷ നര്‍വാള്‍, ദേവന്‍ഗാന കാലിത എന്നിവരെ ഡല്‍ഹി പൊലിസ് മെയ് 23ന് ആദ്യം അറസ്റ്റ് ചെയ്തത് പൊലിസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചുവെന്ന ദുര്‍ബല കുറ്റം ചുമത്തിയാണ്. തൊട്ടടുത്ത ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കുകയും ജഡ്ജി ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യം കിട്ടിയയുടനെ ഇരുവര്‍ക്കുമെതിരേ ആയുധ നിയമമുള്‍െപ്പടെയുള്ള ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. ഇതോടെ ഇവരെ രണ്ടു ദിവസം പൊലിസിന് കസ്റ്റഡിയില്‍ കിട്ടി. പിന്നാലെ കോടതി കസ്റ്റഡി നീട്ടി നല്‍കി. രണ്ടാമത് ചുമത്തിയ എഫ്.ഐ.ആറിലെ വിവരങ്ങള്‍ പൊലിസ് കോടതിയില്‍നിന്നും അറസ്റ്റിലായവരുടെ അഭിഭാഷകരില്‍നിന്നും മറച്ചുവച്ചു. പിന്നാലെ യു.എ.പി.എ ചുമത്തി.
ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെതിരേയും സമാനമായാണ് കേസ് ചുമത്തിയത്. 40 / 20 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ സഫൂറക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. 59 / 20 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിനൊപ്പം യു.എ.പി.എ ചുമത്തി. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇഷ്‌റത്ത് ജഹാനെ ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്തത് ഖുറേജിയില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട സാധാരണ കേസിലാണ്. മാര്‍ച്ച് 21ന് ജാമ്യം ലഭിച്ചതിന് പിന്നാലെ കൊലക്കുറ്റവും ആയുധ നിയമവും ചുമത്തി മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇവരെക്കൂടാതെ ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ഗുലഫ്ഷ ഫാത്തിമ, ജാമിഅ പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്റ് ഷിഫാഉര്‍റഹ്മാന്‍, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, മീരാന്‍ ഹൈദര്‍ തുടങ്ങി നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്. അതോടൊപ്പം മാര്‍ഗരേഖയിലെ നിര്‍ദേശമായ അഭിഭാഷകരുടെ സേവനം യഥാസമയം ലഭ്യമാക്കുകയെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു.
ഇഷ്‌റത്ത് കേസിലും ഗുലഫ്ഷ കേസിലും ഖുറേജിയിലെ അറസ്റ്റിലും അഭിഭാഷകര്‍ക്ക് കേസിന്റെ വിവരങ്ങള്‍ പോലും കൈമാറാനും അറസ്റ്റിലായവരെ കാണാനും പൊലിസ് സമ്മതിച്ചില്ല. ഗുലഫ്ഷ യു.എ.പി.എ ചുമത്തപ്പെട്ട കാര്യം അഭിഭാഷകന്‍ മഹ്മൂദ് പ്രാച അറിയുന്നത് കോടതിയില്‍വച്ചാണ്. മീരാന്‍ ഹൈദര്‍ കേസിലും സമാനമായിരുന്നു. ഹൈദറിന്റെ അഭിഭാഷകന്‍ അക്രം ഖാനോട് യു.എ.പി.എ ചുമത്തിയ കാര്യം കോടതിയില്‍ ഹാജരാക്കും വരെ പൊലിസ് മറച്ചുവച്ചു.
ഡല്‍ഹി കലാപത്തിനിടെ കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടിന് പിന്തുണ നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചത് വരെയുള്ള വിവേചനമാണ് ഡല്‍ഹി കലാപക്കേസിലെ അവസാനത്തെ കാഴ്ച. ഡല്‍ഹി കലാപക്കാലത്ത് ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികള്‍ കലാപത്തിന്റെ ഇരകള്‍ക്ക് ചികിത്സ നിഷേധിച്ചത് ഞെട്ടിക്കുന്നതായിരുന്നു. കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ തയാറായിരുന്നില്ലെന്നതാണ് മറ്റൊന്ന്. ആം ആദ്മി പാര്‍ട്ടി ഒരു വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിയാണെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. നല്ല ഭരണം എന്നതിനപ്പുറത്തേക്കുള്ള ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലേക്ക് അത് ഒരു കാലത്തും വളര്‍ന്നിട്ടുമില്ല. അഴിമതി വിരുദ്ധതയുടെ പേരില്‍ അടിസ്ഥാനപരമായി അതിന് സംഘ്പരിവാറുമായി അഭിപ്രയവ്യത്യാസമുണ്ടാകേണ്ട കാര്യമില്ല. ഹനുമാന്‍ ഭക്തിയും വിജയദിനം ഹനുമാന്‍ ദിനവുമാക്കുന്ന കെജ്‌രിവാളിന്റെ ഹിന്ദു സ്വത്വം ആവര്‍ത്തിച്ചു തെളിയിക്കാനുള്ള പ്രകടനങ്ങള്‍ ബി.ജെ.പിയെ എതിരിടാനുള്ള ഒരു അടവ് മാത്രമായി കണ്ടവര്‍ക്കാണ് തെറ്റിയത്. ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ സ്വഭാവം വെച്ച് നോക്കിയാല്‍ അതൊരു അബദ്ധമല്ല, സ്വഭാവമാണ്. ഈ സ്വഭാവത്തില്‍ നിന്നാണ് അമിത്ഷായുടെ മുസ്‌ലിം വിരുദ്ധ അജന്‍ഡകള്‍ ഡല്‍ഹി സര്‍ക്കാരിനും സ്വീകാര്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."