എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പുമായി മുന്നോട്ട്
പനജി: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സൂപ്പര്‍ കപ്പുമായി മുന്നോട്ടു പോകും. ഐ ലീഗ് ക്ലബുകള്‍ യോഗ്യതാ മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെ മത്സരത്തിന്റെ നടത്തിപ്പ് അവതാളത്തിലായിരുന്നു. നേരത്തെ ഈസ്റ്റ് ബംഗാള്‍ യോഗ്യതാ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഐ ലീഗ് ക്ലബുകളുമായി സംസാരിച്ച് ക്ലബുകളുടെ ആശങ്ക അകറ്റിയത് കാരണമാണ് ഈസ്റ്റ് ബംഗാള്‍ മത്സരിക്കാന്‍ തയാറായത്. അതേസമയം, നേരത്തെപിന്മാറിയ ഗോകുലം, ഐസ്വാള്‍, മിനിര്‍വ പഞ്ചാബ് എന്നിവര്‍ മത്സരം പുനഃക്രമീകരിക്കണമെന്ന് ഫെഡറേഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ മത്സരക്രമം മാറ്റാനാവില്ലെന്നും നേരത്തെ നിശ്ചയിച്ചപോലെ മത്സരം നടക്കുമെന്നുമായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ മറുപടി. സൂപ്പര്‍ കപ്പിന്റെ തിയതി മാറ്റണമെന്നും ക്ലബുകള്‍ ആവശ്യപ്പെട്ടെങ്കിലും ഇതും ഫെഡറേഷന് അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."