ഹരിപ്പാട് മെഡിക്കല്‍ കോളജ്: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് സി.പി.എം
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് നടത്തിപ്പിനു വേണ്ടി സ്വീകരിച്ച നിയമ വിരുദ്ധ നടപടികളില്‍ നിന്നും രക്ഷപെടുന്നതിനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വേണ്ടി രമേശ് ചെന്നിത്തലയും ഡി.സി.സി പ്രസിഡന്റും നടത്തുന്ന നീക്കങ്ങള്‍ ശരിയല്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കല്‍ കോളജിനെ തകര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം ആദ്യം സമാധാനം പറയണം. ആലപ്പുഴ മെഡിക്കല്‍ കോളജിനെ തകര്‍ത്തവരാണ് പുതിയ മെഡിക്കല്‍ കോളജിനുവേണ്ടി ഇപ്പോള്‍ കണ്ണുനീര്‍ ഒഴുക്കുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതിന് കോണ്‍ഗ്രസ് നേതൃത്വം ആലപ്പുഴ ജില്ലയോടും രോഗികളോടും അവിടെ പഠിച്ച വിദ്യാര്‍ഥികളോടും കാട്ടിയ ക്രൂരത എത്ര വലുതാണെന്ന് മനസിലാക്കണം.
2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരത്തില്‍പരം കോടി രൂപയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വികസനത്തിനുവേണ്ടി ചെലവഴിച്ചത്. എന്നാല്‍ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി എത്ര തുക ചെലവഴിച്ചുവെന്ന് ജനങ്ങളോട് പറയണം.
വണ്ടാനത്തേക്ക് മെഡിക്കല്‍ കോളജ് മാറ്റി സ്ഥാപിച്ചു എന്നുമാത്രമല്ല, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദന്തല്‍, നഴ്‌സിംഗ് അടക്കമുള്ള നിരവധി അനുബന്ധ കോഴ്‌സുകള്‍ തുടങ്ങി ആലപ്പുഴയുടെ വികസന മുന്നേറ്റത്തിന് ഈ സ്ഥാപനം ഒരു നാഴിക കല്ലായി മാറുകയും ചെയ്തു. എന്നാല്‍ ഈ സ്ഥാപനത്തിനെയാണ് രാഷട്രീയ വൈരാഗ്യത്താല്‍ ഇവര്‍ തകര്‍ത്തത്.
ഇല്ലാത്ത ഹരിപ്പാട് മെഡിക്കല്‍ കോളജ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാരിനെയും ജി സുധാകരന്‍, ടി.എം തോമസ് ഐസക്ക്, കെ.കെ.ഷൈലജ എന്നീ എല്‍.ഡി.എഫ് മന്ത്രിമാരെയും ആക്ഷേപിച്ചുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇറക്കിവിട്ടുള്ള പ്രകടനങ്ങള്‍ ശരിയല്ലെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ക്കാണ് ആദ്യം മറുപടി പറയേണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് കുറഞ്ഞ റേറ്റ് നല്‍കിയ കമ്പനിയെ തള്ളിക്കൊണ്ട് കൂടുതല്‍ റേറ്റ് ക്വോട്ട് ചെയ്തവര്‍ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. കാരണമായി പറയുന്നത് കുറഞ്ഞ റേറ്റ് ക്വോട്ട് ചെയ്ത കണ്‍സള്‍ട്ടന്‍സിയുടെ എസ്റ്റിമേറ്റില്‍ ആശുപത്രി കെട്ടിടത്തിന്റെ ആക വിസ്തീര്‍ണം 20000 ചതുരശ്ര മീറ്ററില്‍ കൂടുതലായതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാദ്ധ്യത കൂടുമെന്നാണ്. എന്നാല്‍ കരാര്‍ ലഭിച്ച കമ്പനിയുടെ എസ്റ്റിമേറ്റില്‍ വരുന്ന 20000 ചതുരശ്ര മീറ്ററില്‍ കുറഞ്ഞ കെട്ടിടം ആശുപത്രിയ്ക്ക് പര്യാപ്തമാണോ എന്നുപോലും പരിശോധിച്ചിട്ടില്ല. ഇത് അഴിമതിയാണ്. കുറഞ്ഞ റേറ്റ് ക്വോട്ട് ചെയ്ത കമ്പനി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നും അതാണ് അന്വേഷിക്കുന്നതെന്നും മനസിലാക്കാതെ മെഡിക്കല്‍ കോളജിന് ആരോ എതിരു നില്‍കുന്നവെന്ന പ്രചാരണം രക്ഷപെടുന്നതിനുവേണ്ടി മാത്രമാണ്.
കുറഞ്ഞ റേറ്റ് നല്‍കിയവര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതി പരിശോധിച്ചുവരുകയാണ്. സര്‍ക്കാരിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെയും തെരുവില്‍ നേരിടുമെന്ന യുദ്ധ പ്രഖ്യാപനമാണ് കോണ്‍ഗ്രസുകാര്‍ നടത്തുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നീര്‍ത്തട സംരക്ഷണ നിയമത്തെ കാറ്റില്‍ പറത്തിയാണ് നെല്‍പാടങ്ങള്‍ നികത്തി ആശുപത്രി സ്ഥാപിക്കുവാന്‍ ഇക്കൂട്ടര്‍ പരിശ്രമിക്കുന്നത്.
നെല്‍കൃഷി ഭൂമി നികത്തുന്നത് നിയമ വിരുദ്ധമാണ്. ജനപ്രതിനിധികള്‍തന്നെ ഇക്കാര്യത്തില്‍ എടുത്ത ജനവിരുദ്ധ നയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ഇത് അംഗീകരിക്കുവാന്‍ കഴിയുന്ന കാര്യമല്ല. ഇതും നിയമവിരുദ്ധമാണ്.
ഹരിപ്പാട് മെഡിക്കല്‍ കോളജ് എന്ന സ്ഥാപനം ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥപനവുമല്ല. സര്‍ക്കാര്‍ പ്രതിനിധികളായി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയുമൊക്കെ പേരിന് വേണ്ടി മാത്രം ഇതിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ പ്രതിഷ്ടിച്ചിട്ടുണ്ടെങ്കിലും ആശുപത്രി സര്‍ക്കാര്‍ ഒത്താശയോടെ പൂര്‍ത്തീകരിച്ച് സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നതിനുള്ള നഗ്നമായ ഇടപെടലാണ് ഇതിന്റെ പിന്നിലുള്ളതെന്നും സി.പി.എം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."