HOME
DETAILS
MAL
പ്രളയ ഫണ്ടില്‍ കൂടുതല്‍ തട്ടിപ്പ്; 73 ലക്ഷത്തിന്റെ തിരിമറി
backup
June 04 2020 | 00:06 AM
കാക്കനാട്: സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എറണാകുളം എ.ഡി.എമ്മിന്റെ പരാതിയിലാണ് പുതിയ കേസ്. കലക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
കലക്ടറേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ പ്രളയഫണ്ട് തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് ജില്ലാ കലക്ടര്‍ ആഭ്യന്തര പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസ വിഭാഗത്തില്‍നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം എ.ഡി.എം ക്രൈംബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്.
73,13,100 രൂപയുടെ കുറവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിട്ടുള്ളത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍ തന്നെ അപഹരിച്ചതാകാമെന്നാണ് കണക്കുകൂട്ടല്‍. പണാപഹരണം, വിശ്വാസവഞ്ചന, ഗൂഢാലോചന അടക്ക അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. വ്യാജ രസീതുകള്‍ വഴിയാണ് തുക തട്ടിയതെന്നാണ് വിലയിരുത്തല്‍. പ്രളയഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണുപ്രസാദ് പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കലക്ടറേറ്റില്‍ ക്രൈംബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടറേറ്റ് വഴി ലഭിച്ച പണം, ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ആഭരണങ്ങള്‍ ഇവയെക്കുറിച്ചുള്ള ഫയലുകളും, ചെക്ക്ബുക്ക് സ്‌റ്റോക്ക് രജിസ്റ്റര്‍, ചെക്ക് ഇഷ്യൂ രജിസ്റ്റര്‍, കാഷ് രജിസ്റ്റര്‍, സെക്യൂരിറ്റി രജിസ്റ്റര്‍, മാസ്റ്റര്‍ ഡാറ്റാ രജിസ്റ്റര്‍, അലോട്ട്‌മെന്റ് രജിസ്റ്റര്‍ എന്നിവയും കലക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷനില്‍ അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്‍കിയത്.
കേരള ഫിനാന്‍ഷ്യല്‍ കോഡിലെയും (കെ.എഫ്.സി) കേരള ട്രഷറി കോഡിലെയും (കെ.ടി.സി) വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് കലക്ടറേറ്റില്‍ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കലക്ടറേറ്റിലെ 11 ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നോട്ടിസും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."