നാടുകടത്തല്‍ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി മോചനത്തിനായി വഴിതേടുന്നു
റിയാദ്: ആറു മാസം ശമ്പളം ലഭിക്കാതെ ദുരിതത്തിലായതിനെ തുര്‍ന്ന് വീട് വിട്ടിറങ്ങി ഒടുവില്‍ തര്‍ഹീലില്‍ എത്തിപ്പെട്ട മലയാളി മോചനത്തിന് വഴി തേടുന്നു. പെരുമ്പാവൂര്‍ സ്വദേശി അബൂബക്കര്‍ കാരോത്തോടാണ് ഒരു വര്‍ഷത്തിലധികമായി മോചനം കാത്തുകഴിയുന്നത്. ഇയാളുടെ മോചനത്തിനായി സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അബൂബക്കര്‍ റിയാദില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ഇറങ്ങി ലേബര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേസിന്റെ കാര്യങ്ങള്‍ക്കു വേണ്ടി അബൂബക്കര്‍ കോര്‍ട്ടില്‍ ഹാജരായിരുന്നില്ല. ഇതിനിടെ സ്‌പോണ്‍സര്‍ അബൂബക്കറിനെ ഹുറൂബ് (ഒളിച്ചോട്ടം) ആക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജവാസാത്ത് ഉദ്യോഗസ്ഥരുടെ ഇഖാമ പരിശോധനയില്‍ പിടിക്കപ്പെടുകയും തര്‍ഹീലില്‍ അടക്കപ്പെടുകയും ചെയ്തു. നാടുകടത്തുന്നതിനു വേണ്ടി എയര്‍പോര്‍ട്ടില്‍ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തിയപ്പോള്‍ സ്‌പോണ്‍സറുമായി കേസ് നില നില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ സാധിക്കാത്തതിനാല്‍ വീണ്ടും തര്‍ഹീലിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ സാമൂഹിക പ്രവര്‍ത്തകനായ ഷാനവാസ് രാമഞ്ചിറയും എംബസി ഉദ്യോഗസ്ഥനായ യൂസുഫും ചേര്‍ന്ന് അബൂബക്കറിനെ തര്‍ഹീലില്‍ ബന്ധപ്പെട്ടു. തുടര്‍ നടപടികള്‍ക്കായി എംബസി ഷാനവാസിന് അധികാരപത്രം നല്‍കി ചുമതലപ്പെടുത്തുകയും ചെയ്തു. കേസ് വിളിച്ചപ്പോഴൊക്കെ കോടതിയില്‍ ഹാജരാകാന്‍ സാധിക്കാത്തതിനാല്‍ കേസ് തീരുമാനമാകാതെ തുടര്‍ന്നു. അബൂബക്കറിന്റെ മോചനത്തിനായി പ്രവാസി ലീഗല്‍ സെല്ലിന്റെ കീഴില്‍ ഷാനവാസ് രാമഞ്ചിറയുടെ നേതൃത്വത്തില്‍, ലത്തീഫ് തെച്ചി, പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നജ്മുദ്ദീന്‍ വൈലത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."