മധുര പലഹാര കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച് നാലു വയസുകാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മധുരപലഹാര കടകളില്‍ മറ്റും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ആണ് പാളയം, മൊഫ്യൂസ്യല്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ പഴകിയ എണ്ണയും കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും കണ്ടെത്തി നശിപ്പിച്ചു. ജെല്ലി മിഠായിയും പുളിയിഞ്ചി പോലുള്ള ജെല്ലി വിഭാഗത്തില്‍ പെടുന്ന മിഠായിയും തായ്‌ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള മിഠായിയും സാമ്പിളായി ശേഖരിച്ചിട്ടുണ്ട്. കൃത്യമായ ലേബലോ,കമ്പനി പേരോ നല്‍കാത്ത മിഠായികളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മലാപ്പറമ്പിലുള്ള റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയയ്ക്കും.
പതിനാലു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം പുറത്തുവരും. കോഴിക്കോടിനു പുറമെ മലപ്പുറത്തും ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മൊബൈല്‍ വിജിലന്‍സിന്റെ പരിശോധന നടന്നിരുന്നു. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ നിന്ന് ജെല്ലി മിഠായി വാങ്ങിക്കഴിച്ച നാലു വയസുകാരന്‍ യൂസഫലി മരിക്കുകയും ഉമ്മ സുഹറാബിയെ അവശനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണത്തെ തുടര്‍ന്ന് കടയില്‍ പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് കട അടപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ നഗരത്തിലെ മറ്റു കടകളിലും പരിശോധന നടത്തിയത്.
കോഴിക്കോട്ട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ഒ. ശങ്കരനുണ്ണി, നോര്‍ത്ത് സര്‍ക്കില്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ കെ. സുജയന്‍, വടകര സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ കെ.വി മിനി,ബാലുശ്ശേരി സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ രേഷ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."