ഉഴപ്പന്മാരെ മെരുക്കാന്‍ പുതിയ ജില്ലാ കലക്ടര്‍
പാലക്കാട്: ജില്ലയുടെ വികസനകാര്യങ്ങളില്‍ ക്രിയാത്മകമായ തീരുമാനങ്ങള്‍ എടുക്കാനും,ഓരോമാസവും നടപ്പിലാക്കിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജനപ്രതിനിധികളും ജില്ലയിലെ ഓരോവകുപ്പിന്റെഉന്നതമേധാവികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ഉഴപ്പുന്ന ഉദ്യോഗസ്ഥരെ മെരുക്കിയെടുക്കാന്‍ പുതിയ കലക്ടര്‍ ബാലമുരളി നടത്തിയ ശ്രമങ്ങള്‍ക്ക് ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരുടെയും കൈയടി.
സ്ഥലം മാറിയെത്തിയ കലക്ടര്‍ ബലമുരളിയുടെ ആദ്യ വികസന സമിതി യോഗമായിരുന്നു ഇന്നലെ കലക്ടറേറ്റ് ഹാളില്‍ നടന്നത്. ഒരോമാസവും സമിതിയിലെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാവാത്ത ചില വകുപ്പ് മേധാവികള്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്കി. ഓരോ മാസവും സമിതിയെടുക്കുന്ന തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാതെ ഉഴപ്പി നടക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടിക്ക് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടു നല്‍കും. കലക്ടര്‍ ഇടപെട്ടാണ് നടപടിയെടുക്കേണ്ടതെങ്കില്‍ അത് ചെയ്യാം.
സര്‍ക്കാരിന്റെ ശമ്പളം പറ്റി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ അവരുടെ പണികള്‍ കൃത്യമായി ചെയ്തു തീര്‍ക്കണം. കസേരയില്‍ കുത്തിയിരുന്ന് ഭരണം നടത്തുന്ന അവസ്ഥ മാറണം. ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എപ്പോഴും ജനപ്രതിനിധികളുടെയും, ജനങ്ങളുടെയും പരാതികള്ക്കിടവരുത്തരുത്. കലക്ടറുടെ ഭാഗത്തു നിന്ന് എന്ത് ഇടപെടല്‍ വേണമെങ്കിലും നടത്താം. മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ അടിയന്തിരമായ പെടുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അറിയിച്ചാല്‍ തനിക്കാവുന്ന തരത്തില്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസത്തെ മിനുട്സ് മുഴുവന്‍ പഠിച്ചു വന്ന അദ്ദേഹത്തിന്റെ തുടക്കം തന്നെ നല്ല രീതിയിലായിരുന്നുവെന്നു മീറ്റിങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികളും പറയുന്നു. കലക്ടര്‍ ജില്ലയില്‍ ചാര്‍ജെടുത്തതിന് ശേഷം നടത്തിയ ആദ്യ വികസന സമിതി യോഗമായിരുന്നു ഇന്നലെ നടന്നത. അതുപോലെ തന്നെ ജില്ലാ വികസന സമിതി യോഗങ്ങളില്‍ അതാത് വകുപ്പിന്റെ ജില്ലാ മേധാവികള്‍ തന്നെ പങ്കെടുക്കണം.
അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പകരക്കാരനെ അയക്കാവു. വരുന്ന ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് വകുപ്പിലെ എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചു മറുപടി നല്‍കണം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും,ലോക ബാങ്കില്‍ നിന്നുമൊക്കെ കിട്ടുന്ന വായ്പകള്‍ കിട്ടാന്‍ യഥാസമയം ജില്ലയില്‍ നിന്നും ജില്ലാതല പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പിക്കാതെ പാലക്കാടിന് കിട്ടേണ്ട സഹായങ്ങള്‍ ലഭിക്കാതെ പോകുന്നുവെന്നു എം.എല്‍.എമാരായ കെ കൃഷ്ണന്‍കുട്ടി,കെ ബാബു എന്നിവര്‍ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരെനടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."