പറന്നിറങ്ങവെ എന്‍ജിന്‍ തകരാര്‍; കരിപ്പൂരില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി
കൊണ്ടോട്ടി:ബംഗളൂരുവില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന് എന്‍പിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്നലെ രാവിലെ 10.40ന് 67 യാത്രക്കാരുമായി കരിപ്പൂരില്‍ പറന്നിറങ്ങവെയാണ് ഇന്‍ഡിഗോയുടെ 6-ഇ.7129 വിമാനത്തിന്റെ വലതു ചിറകിന്റെ എന്‍ജിനുളളില്‍ ഫാനിന് തകരാര്‍ സംഭവിച്ചത്.
ഫനിനുളളില്‍ നിന്ന് തീയും പുകയും അസാധാരണമായ ശബ്ദവുമുള്ളതായി വിമാന പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അപകട സാധ്യതയറിഞ്ഞ പൈലറ്റ് ഉടന്‍ കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറയിച്ചു. പൈലറ്റിന്റെ സന്ദേശം എ.ടി.സി വിഭാഗം വിമാനത്താവളത്തിലെ മുഴുവന്‍ ഏജന്‍സികളേയും അറിയിച്ച് വിമാനത്തിന് അടിയന്തര ലാന്‍ഡിങിന് സൗകര്യമൊരുക്കുകയായിരുന്നു.
കിഴക്ക് റണ്‍വേയില്‍ പറന്നിറങ്ങിയ വിമാനം പാര്‍ക്കിങ് ഏപ്രണിലേക്ക് കയറാതെ മുന്നോട്ട് നീങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് കൊണ്ടുപോയി നിര്‍ത്തുകയായിരുന്നു.
ഈ സമയം തന്നെ വിമാനത്തിന് പിറകെ കരിപ്പൂര്‍ അഗ്നിശമനസേനയും ആമ്പുലന്‍സും സുരക്ഷാസേനയും കുതിച്ചെത്തി. വിമാനത്തിന്റെ ചിറകിലെ എന്‍ന്‍ജിനിലെ ഫാന്‍ തകരാറിലായതായി പിന്നീട് കണ്ടെത്തി. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കി പ്രത്യേക വാഹനത്തില്‍ ടെര്‍മിനലില്‍ എത്തിച്ചു. അപകടം ഒഴിവായെന്ന് ബോധ്യമായതോടെ വിമാനം പിന്നീട് പുഷ്പാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് റണ്‍വേ ഏപ്രണില്‍ കൊണ്ടുവരികയായിരുന്നു.
പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഈ വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകാനെത്തിയവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കൊണ്ടുപോയി.തകരാറിലായ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."