മാളയിലെ തപാലാപ്പിസ് റോഡില്‍ നാട്ടുകാര്‍ക്ക് ദുരിതയാത്ര
മാള: മഴയായാലും വെയിലായാലും മാളയിലെ തപാലാപ്പിസ് റോഡ് യാത്രക്കാര്‍ക്ക് നല്‍കുന്നത് ദുരിതയാത്ര.
റോഡിലെ കുഴികള്‍ക്കും വെള്ളക്കെട്ടിനും നാളിതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല. മഴ കനത്താല്‍ പോസ്റ്റ് ഓഫിസ് റോഡില്‍ വെള്ളം നിറയും. വെള്ളം ഒഴുകിപോകുന്നതിന് സമീപത്തു നിര്‍മിച്ചിട്ടുള്ള കാന തികച്ചും അശാസ്ത്രീയമായതാണ് വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. ജലനിധിക്കും മറ്റുമായി റോഡ് കീറിമുറിച്ചിട്ടുള്ള ദുരിതം വേറെ.
പൊളിച്ച ഭാഗം ഓടിച്ചിട്ട് ടാറിങ് നടത്തുകയായിരുന്നു. മഴ ആരംഭിച്ചതോടെ പത്തോളം സ്ഥലങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവു കാഴ്ചയാണ്.
വെള്ളം ഉയരുന്നത് മൂലം കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ പോകുന്ന സമയം നടപ്പാതയിലൂടെ പോകുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളം പൊങ്ങുന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളും കോംപ്ലക്‌സുകളും വെള്ളത്തില്‍ മുങ്ങും.
വെള്ളക്കെട്ട് രൂക്ഷമായതോടെ മണ്ണ് മൂടി കിടന്നിരുന്ന കാന വൃത്തിയാക്കിയിരുന്നു.
എന്നാല്‍ കാനവഴി വെള്ളം പോകാനുള്ള സംവിധാനം ഇവിടെ ഇല്ലതാനും.
റോഡിലൂടെയാണ് ഇപ്പോള്‍ വെള്ളമൊഴുകി ചാലില്‍ എത്തുന്നത്. ചെറിയൊരു മഴ പെയ്താല്‍ പോലും അന്നത്തെ ദിവസം ദുരിതമയമാകുന്ന അവസ്ഥയാണ്.മഴക്കാലത്ത് ഇത്തരത്തിലുള്ള ദുരിതമാണെങ്കില്‍ വേനല്‍ക്കാലത്ത് അതിരൂക്ഷമായ പൊടിശല്ല്യമാണ് ജനങ്ങളനുഭവിക്കേണ്ടി വരുന്നത്.
വ്യാപാര സ്ഥാപനങ്ങളിലും മറ്റുമുള്ളവര്‍ പകല്‍ മുഴുവനും പൊടി തിന്നേണ്ടി വരുന്നതിനൊപ്പം സ്ഥാപനങ്ങളിലെ വസ്തു വകകള്‍ പൊടി നിറഞ്ഞു നശിക്കുകയുമാണ്.
കാനയുടെ അശാസ്ത്രീയതയെക്കുറിച്ചു നാട്ടുകാരും വ്യാപാരികളും അധികൃതരുടെ മുന്‍പില്‍ പലകുറി ചൂണ്ടിക്കാട്ടിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട അധികൃതരുടെ അലംഭാവത്തിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."