മട്ടന്നൂരിലെ ഡെങ്കിപ്പനി;ആരോഗ്യവകുപ്പ് ഇന്നുമുതല്‍ രംഗത്തിറങ്ങും
മട്ടന്നൂര്‍: മട്ടന്നൂരും പരിസരത്തും പടര്‍ന്നു പിടിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസത്തെ ശുചീകരണത്തിനു പിന്നാലെ ആരോഗ്യവകുപ്പ് സ്‌ക്വാഡ് പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിക്കാനാണു തീരുമാനം. ഇരിട്ടി ബ്ലോക്കിന്റെ നേതൃത്വത്തിലാണു സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നത്. 20 വീടുകള്‍ കേന്ദ്രീകരിച്ച് ഓരോ സ്‌ക്വാഡായുള്ള പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.
മട്ടന്നൂര്‍ നഗരത്തിനു പുറമെ സമീപപ്രദേശങ്ങളായ ഉരുവച്ചാല്‍, പഴശ്ശി, മണക്കായി, ചാവശ്ശേരി എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ഗൗരവത്തിലാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ അന്‍പതോളം പേര്‍ക്കാണു പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗബാധിതരായ പലരും പരിയാരം മെഡിക്കല്‍കോളജ്, കണ്ണൂരിലെയും തലശ്ശേരിയിലെയും സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
ഡെങ്കിപ്പനി ലക്ഷണത്തോടെ നിരവധിപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സതേടിയിട്ടുണ്ട്. ഇവരുടെ രക്തം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവരിലും ഡെങ്കി സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥയുണ്ടായാല്‍ കണക്കുകള്‍ സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. ഇന്നലെ മാത്രം പത്തുപേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇതില്‍ അഞ്ചുപേരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അടുത്ത ദിവസങ്ങളില്‍ ഫീല്‍ഡ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."