പ്രതിപൊലിസ് കസ്റ്റഡിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു
എരുമപ്പെട്ടി: ഗാര്‍ഹിക പീഢനം മൂലം ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവ് പൊലിസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈനെന്ന ഹാഷിം(22)ആണ് എരുമപ്പെട്ടി പൊലിസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഹാഷിമിന്റെ ഗര്‍ഭിണിയായ ഭാര്യ ജാസ്മിയെ കഴിഞ്ഞ 21 നാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച്മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. സ്ത്രീധനമാവശ്യപ്പെട്ട് ഹാഷിം ജാസ്മിയെ നിരന്തരം ശാരീരിക, മാനസിക പീഢനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു.
ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തില്‍ പൊലിസ് ഹാഷിമിനെ അറസ്റ്റ് ചെയ്തത്. നടപടികള്‍ക്കായി എരുമപ്പെട്ടി സ്റ്റേഷനിലെത്തിച്ച പ്രതി ഇന്നലെ വൈകീട്ട് രണ്ട് മണിയോടെ കസ്റ്റഡിയില്‍ നിന്ന് ചാടിപോവുകയായിരുന്നു.
സംഭവ സമയത്ത് ഉഷ,ഓമന എന്നീ രണ്ട് വനിത പൊലിസ്ഉദ്യോഗസ്ഥര് മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. എസ്.ഐ ഉള്‍പ്പടെയുള്ള മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി സംബന്ധമായി തര്‍ക്കം നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു.
ടോയ്ലറ്റില് പോകണമെന്നാവശ്യപ്പെട്ട പ്രതിയെ സ്റ്റേഷനിലുണ്ടായിരുന്ന വനിത പൊലിസ് സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ ഇവരെ ആക്രമിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.പ്രതിക്ക് വേണ്ടി എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."