അടിസ്ഥാന സൗകര്യങ്ങള്‍ അകലെ; ചികിത്സ തേടി ഹരിപ്പാട് താലൂക്ക് ആശുപത്രി
ഹരിപ്പാട്: ദേശീയപാതയ്ക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഹരിപ്പാട് താലൂക്ക് ആശുപത്രി പരാധീനതകള്‍ക്ക് നടുവില്‍. ഏകദേശം 2500 ഓളം രോഗികള്‍ ഒ.പി. വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലും എത്തിച്ചേരുന്ന ഇവിടെ മതിയായ ഡോക്ടര്‍മാര്‍ ഇല്ല. പല സ്‌പെഷ്യാലിറ്റി തസ്തികയിലും ആളില്ല.
അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ളടിത്ത് മിക്കവാറും ഒരു ഡോക്ടര്‍ മാത്രം. അപകടങ്ങളില്‍പ്പെട്ട് വരുന്നവരെയും പനി, പകര്‍ച്ചവ്യാധികള്‍ മുതലായവയുമായി ചികിത്സിക്കാനെത്തുന്നവരെയും കൊണ്ട് അത്യാഹിതവിഭാഗം നിറഞ്ഞ് കവിയുമ്പോള്‍ കേവലം ഒരു ഡോക്ടര്‍ മാത്രമുള്ള ഇവിടെ രോഗികളുടെ ക്യൂവിന്റെ നീളം പലപ്പോഴും ദേശീയപാതയ്ക്ക് സമീപത്തേയ്ക്ക് നീളാറുണ്ട്.
ഇത് രോഗികളും രോഗികളുടെ ബന്ധുക്കളും സെക്യൂരിറ്റി ജീവനക്കാരുമായി വാഗ്വാദങ്ങള്‍ക്ക് കാരണമാകുന്നു. ഒ.പി. ബ്ലോക്കും മെറ്റേര്‍ണിറ്റി വാര്‍ഡും ഫാര്‍മസി കെട്ടിടവും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.
പുതിയ ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും നാളിതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ല. അത്യാഹിത വിഭാഗത്തിന്റെ മുന്‍വശവും ആശുപത്രി ലാബിന്റെ പരിസരവും മഴവെള്ളം ഒഴുകി മാറുവാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ വെള്ളക്കെട്ടായി മാറി.
ആശുപത്രി വളപ്പിലെ റോഡ് കുണ്ടും കുഴിയും ആയി മാറിയതിനാല്‍ വാഹനങ്ങളും കാല്‍നട യാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികളെ ഈ റോഡിലൂടെ കൊണ്ടുവരുന്നത് ഭീതിദമാണ്.
കൂടാതെ സര്‍ജറി വാര്‍ഡിലെ കക്കൂസ് ടാങ്കുകള്‍ പൊട്ടിയൊലിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രി വളപ്പില്‍ നില്‍ക്കുന്ന ഏകദേശം 10 ഓളം മരങ്ങള്‍ ഏത് സമയത്തും കടപുഴകി വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ആശുപത്രിയിലെ ഇലക്ട്രിഫിക്കേഷനും പ്ലംബിഗ് സംവിധാനവും കാര്യക്ഷമമല്ല.
കറണ്ട് പോകുമ്പോള്‍ പകരം സംവിധാനമായി ജനറേറ്റര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കുവാന്‍ ജീവനക്കാര്‍ യഥാസമയം എത്താറില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ അകലെയായിട്ടും പരിഹാരം കാണേണ്ട ആശുപത്രി വികസന സമിതിയും നഗരസഭയും നോക്കുകുത്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."