ചരിത്രസാക്ഷ്യമായി പള്ളി മിഅ്‌റാബും കുളവും
പെരിങ്ങത്തൂര്‍: ബാങ്കൊലിയും ഖുര്‍ആന്‍ സൂക്തങ്ങളും ഉരുവിടേണ്ട പള്ളിയുടെ അവശിഷ്ടങ്ങള്‍ ഇന്നും മറയാതെ നിലക്കൊള്ളുകയാണു പൊയിലൂരില്‍. പൊയിലൂരിലെ പെരുവമ്പൊയില്‍ മുന്നൂറോളം വര്‍ഷം പഴക്കമുള്ള മിഅ്‌റാബും കുളവുമടക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങള്‍ ഇസ്‌ലാമിക സംസ്‌കൃതിയുടെ ചരിത്രം വിളിച്ചോതിയാണ് ഇന്നും നിലകൊള്ളുന്നത്.
പൊയിലൂരിന്റെ ആദ്യ നാമം 'പൊയിലു' ആയിരുന്നുവെന്നും അതാണു പിന്നീടു പൊയിലൂരായി മാറി പൊയിലു പള്ളി എന്ന പേരില്‍ അറിയപ്പെട്ടെന്നുമാണു ചരിത്രം. പള്ളിയുടെ മിഅ്‌റാബും കുളവും കിണറുകളുടെ അവശിഷ്ടങ്ങളുമാണ് ഒരുകാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പായി ഇപ്പോഴുമുള്ളത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇസ്‌ലാമിക പ്രബോധനവുമായി വന്ന സൂഫിവര്യന്മാരാണു പള്ളി നിര്‍മ്മിച്ചതെന്നാണ് അനുമാനം. പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയിലുള്ള പഴക്കമേറിയ ഖബറുകള്‍ ഇതിലേക്കാണു വെളിച്ചം വീശുന്നത്.
പ്രദേശത്ത് മുസ്‌ലിംകള്‍ പാര്‍ത്തിരുന്നതായും അവര്‍ നിസ്‌കാരത്തിനും മറ്റ് ആരാധനാ കര്‍മങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് ഈ പള്ളിയായിരുന്നുവെന്നും പറയപ്പെടുന്നു. ഇവിടെ കോളറയടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് നിരവധിപേര്‍ മരിച്ചപ്പോള്‍ ശേഷിച്ചവര്‍ നാടും വീടും ഉപേക്ഷിച്ച് അന്യദേശങ്ങളിലേക്കു കുടിയേറി. നാടുവിടുന്ന വേളയില്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും പള്ളിയുടെ കിണറുകളില്‍ നിക്ഷേപിച്ച് പാറക്കല്ലുകള്‍ കൊണ്ടു മൂടിയാണ് പോയതെന്നാണ് പഴമക്കാര്‍ പറഞ്ഞുവരുന്ന ഐതിഹ്യം. പള്ളിയുടെ തറയുടെ മുകളില്‍ അടുത്തകാലം വരെ പ്രദേശവാസികള്‍ മുസ്‌ലിം വിശേഷ ദിവസങ്ങളില്‍ ഖുര്‍ആന്‍ പാരായണം, മൗലീദ് എന്നിവ നടത്താറുണ്ടായിരുന്നുവെന്നും പഴമക്കാരുടെ സാക്ഷ്യം.
സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം പള്ളിയുടെ അവശിഷ്ടങ്ങളും മറ്റും മുന്നൂറുവര്‍ഷം പഴക്കമേറിയതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ്.
കാടുമൂടി കിടന്ന പറമ്പും അനുബന്ധ സ്ഥലങ്ങളും അദ്ദേഹം സംരക്ഷിക്കുന്നുണ്ട്. പള്ളിക്കു ചുറ്റുമുള്ള മറ്റു സ്ഥലങ്ങള്‍ കൃഷിയിടമാക്കിയപ്പോള്‍ ഈഭാഗം പഴയപടി നിലനിര്‍ത്തിയിട്ടുണ്ട്. പള്ളിയുടെ ചരിത്ര ശേഷിപ്പുകള്‍ നില്‍ക്കുന്ന സ്ഥലത്തിനടുത്താണു നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൊയിലൂര്‍ മുത്തപ്പന്‍ ക്ഷേത്രം. പൂര്‍വകാലത്തെ മതസൗഹാര്‍ദത്തിന്റെ മാതൃക വിളിച്ചോതുകയാണു ചരിത്രശേഷിപ്പായ ഈ ആരാധനാലയങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."