അലോനക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ആലക്കോട്: വാഹനാപകടത്തില്‍ മരണമടഞ്ഞ ഒന്നരവയസുകാരി അലോനക്ക് നാടിന്റെ അന്ത്യാഞ്ജലി. വേളാങ്കണ്ണി തീര്‍ഥ യാത്ര കഴിഞ്ഞു മടങ്ങിവരവേ പാലക്കാട് കസബയില്‍വെച്ചുണ്ടായ വാഹനാപകടത്തിലാണ് അലോനക്ക് ജീവന്‍ നഷ്ടമായത്. ഉദയഗിരി താവളത്തിലെ കര്‍ഷകനായ റിജോ സുജ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയതാണ് അലോന.
വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ സഫലീകരണമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ എഴുപേരടങ്ങുന്ന സംഘം വേളാങ്കണ്ണിയിലേക്ക് യാത്ര പുറപ്പെട്ടത്.
ഈസ്റ്റര്‍ ദിനത്തിനു മുമ്പെങ്കിലും വീട്ടില്‍ തിരിച്ചെത്തണമെന്ന തീരുമാനത്തിലാണ് ദേവാലയ ദര്‍ശനത്തിന് ശേഷം വളരെ പെട്ടന്ന് തന്നെ നാട്ടിലേക്ക് തിരിച്ചത്. റിജോ,സുജ, റിജോയുടെ പിതാവ് ജോസഫ്, സഹോദരിമാരായ റെജി, ജിനു, സഹോദരി ഭര്‍ത്താവ് സന്തോഷ് എന്നിവരായിരുന്നു അലോനയെ കൂടാതെ കാറില്‍ ഉണ്ടായിരുന്നത്. സന്തോഷായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പുലര്‍ച്ചെ 5 മണിയോടെ എതിര്‍ ദിശയില്‍ നിന്നും വന്ന ലോറി ഇടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന അലോനയുടെ തലക്കേറ്റ പരിക്കാണ് മരണത്തില്‍ കലാശിച്ചത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഭാഗ്യം കൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്.
തൃശ്ശൂരില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ ആറോടെ വീട്ടിലെത്തിച്ച മൃതദേഹം ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ സംസ്‌കരിച്ചു.
നാടെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ അലോനക്ക് യാത്രാമൊഴിയേകാന്‍ ആയിരങ്ങളാണ് ഉദയഗിരിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."