ധര്‍മശാല ടൗണിലെ പൊതുകിണര്‍ ശുചീകരിക്കണം
തളിപ്പറമ്പ് : ധര്‍മശാല ടൗണിലെ പൊതുകിണര്‍ ശുചീകരിക്കണമെന്ന ആവശ്യം ശക്തമായി. കടുത്ത വേനലില്‍പോലും വറ്റാത്ത കിണറില്‍ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ധര്‍മ്മശാലയില്‍ ദേശിയപാതയോരത്തുളള ഏറെ പഴക്കമുള്ള കിണര്‍ ഏതാനുംവര്‍ഷംവരെ സമീപത്തെ നിരവധി നാട്ടുകാര്‍ക്കും ഹോട്ടലുകാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു.
ഏതാനും വര്‍ഷംമുമ്പ് കിണറ്റില്‍നിന്നും വെള്ളമെടുക്കാന്‍ കഴിയാത്ത വിധത്തില്‍ സാമൂഹ്യദ്രോഹികള്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതോടെയാണ് ആളുകള്‍ കിണര്‍ ഉപേക്ഷിച്ചത്. ഇതേ തുടര്‍ന്ന് ചിലര്‍ കിണറ്റിലും പരിസരത്തും മാലിന്യങ്ങള്‍ സ്ഥിരമായി നിക്ഷേപിക്കാനും തുടങ്ങി. ഇപ്പോള്‍ കിണറില്‍ മദ്യകുപ്പികളും പ്ലാസ്റ്റിക്ക്-ജൈവ മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞുകിടക്കുകയാണ്. പൂര്‍ണ്ണമായും കല്ലുകൊണ്ട് വശങ്ങള്‍ കെട്ടിയ കിണര്‍ ഇന്നും നല്ല അവസ്ഥയിലാണ്. ആന്തൂര്‍ നഗരസഭ കാര്യാലയത്തിന്റെ മൂക്കിനു താഴെയുളള ഈ കിണറിനെ കുറിച്ച് അധികൃതര്‍ക്ക് അറിയാമെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ലത്രേ. ശുചീകരണ തൊഴിലാളികളും കണ്ടഭാവം നടിക്കുന്നില്ല.
കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഈ മേഖലയിലെ കിണര്‍ മാലിന്യം നിറഞ്ഞുകിടന്നിട്ടും ശുചീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
വേനല്‍ രൂക്ഷമാകുന്നതോടെ ടാങ്കര്‍ ലോറികളില്‍ വന്‍തുക മുടക്കിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാല്‍, ഇതിന്റെ പത്തിലൊന്നു തുകപോലും കിണര്‍ വൃത്തിയാക്കാന്‍ ആവശ്യമില്ല. കിണര്‍ ശുചീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാനുളള നടപടികള്‍ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."