സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന: നടപടി വേണമെന്ന് ജില്ലാ വികസന സമിതി
കൊല്ലം: ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി, പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതുകൊണ്ടു മാത്രം കുട്ടികള്‍ക്കിടയില്‍ ഇവ എത്തുന്നത് ഫലപ്രദമായി തടയാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരം ല്യഭ്യമാക്കുന്നതിന് സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെയും സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെയും സഹായം തേടണമെന്ന് ഐഷാ പോറ്റി എം.എല്‍.എ നിര്‍ദേശിച്ചു. ചെയ്യുന്നത് തെറ്റാണെന്ന ബോധ്യം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുകയാണ് പ്രശ്‌നപരിഹാരത്തിന് അനുയോജ്യമെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇതിനായി സംസ്ഥാനത്തിനുതന്നെ മാതൃകയായി ശാസ്ത്രീയമായ പദ്ധതി ജില്ലയില്‍ നടപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊലിസ്, എക്‌സൈസ് വകുപ്പുകളും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ നിര്‍ദേശിച്ചു. ഹൈസ്‌കൂളുകളുടെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെയും പരിസരത്ത് രാവിലെയും വൈകിട്ടും പ്രത്യേക പൊലിസ് പട്രോളിങ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു.
കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ പൊതു സമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അഭിപ്രായപ്പെട്ടു. എക്‌സൈസ് വകുപ്പ് തയാറാക്കിയ ബോധവല്‍ക്കരണ ഡോക്യുമെന്ററി എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു.
ജില്ലയിലെ പല താലൂക്കുകളിലും നിരവധിപേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും പട്ടയ വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഭൂമിക്ക് പട്ടയമില്ലാത്തതിന്റെ പേരില്‍ ലൈഫ് പദ്ധതിയില്‍നിന്ന് ആരും പുറത്താകുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മയ്യനാട് പൊലിസ് സ്റ്റേഷനു മുന്നില്‍ അപകടകരമായി നില്‍ക്കുന്ന മരം മുറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം. നൗഷാദ് എം.എല്‍.എ ആവശ്യപ്പെട്ടു.
മാരക രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം വില്‍പ്പനയ്‌ക്കെത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം. ആര്യങ്കാവ് ചെക്ക് പോസ്റ്റിലും മറ്റു കേന്ദ്രങ്ങളിലും കര്‍ശന പരിശോധന വേണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു. കൊല്ലം-ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി വേണാട് ബസ് സര്‍വിസ് നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ബസ് സര്‍വിസുകളുടെ സമയനിഷ്ഠത ഉറപ്പാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."