വയനാട്ടില്‍ വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി
പുല്‍പ്പള്ളി: വയനാട് ചീയമ്പത്ത് വനപാലകരെ ആക്രമിച്ച കടുവ കെണിയില്‍ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് അക്രമകാരിയായ കടുവ കുടുങ്ങിയത്.
ചെതലയം റേഞ്ചില്‍ വനത്തില്‍ പട്രോളിങ്ങിന് പോയ വനപാലകസംഘത്തിനു നേരെയാണ് കടുവ ഇന്നലെ ആക്രമണം നടത്തിയത്. സംഭവത്തില്‍ താല്‍ക്കാലിക വാച്ചര്‍ക്ക് പരുക്കേറ്റു. ചീയമ്പം ആനപന്തി കോളനയിലെ സാജനാ(40)ണ് ഗുരുതര പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന താല്‍ക്കാലിക വാച്ചര്‍മാരായ ഇരുളം മാതമംഗലം വട്ടപ്പാടി കോളനിയിലെ രാജേഷ് (24), സുരേഷ് (29), ചീയമ്പം73 കാട്ടുനായ്ക്ക കോളനിയിലെ ജയന്‍ (26), ബാലന്‍ എന്നിവര്‍ക്ക് കടുവയുടെ ആക്രണത്തില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് പരുക്കേറ്റു. ഇതില്‍ രാജേഷ്, സുരേഷ്, ജയന്‍ എന്നിവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൗത്ത് വയനാട് വനം ഡിവിഷനില്‍പ്പെടുന്ന ചെതലയം റേഞ്ചിലെ ചെട്ടിപാമ്പ്രക്ക് സമീപം ആനപന്തി വനമേഖലയില്‍വച്ചാണ് സംഭവം. ചീയമ്പം 73 ജനവാസകേന്ദ്രത്തോട് ചേര്‍ന്ന സ്ഥലമാണ് ആനപന്തി വനമേഖല. ഈ ഭാഗത്ത് കടുവ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യ പ്രകാരം കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞരാത്രി കടുവ കൂട്ടില്‍ കുടിങ്ങിയില്ല. ഇതേ തുടര്‍ന്ന് കൂട് വച്ച ഭാഗത്തേക്ക് സാജനും കൂടെയുള്ളവരും പോകുമ്പോഴാണ് കടുവ ഇവര്‍ക്കുനേരെ ചാടിവീണത്. മുന്നിലായിരുന്ന സാജനെ കടുവ ആക്രമിക്കുകയും നിലത്തുവീണ ഇയാളുടെ ദേഹത്ത് കയറി തലയ്ക്ക് ആക്രമിക്കുകയുമായിരുന്നു. ഈ സമയം കൂടെയുള്ളവര്‍ ഭയപ്പെട്ട് ചിതറി ഓടുന്നതിനിടെ വീണ് പരുക്കേറ്റു. ഓടുന്നതിന്നിടയില്‍ ഇവര്‍ ബഹളംവയ്ക്കുകയും ഇതുകേട്ട് കടുവ സാജനെ വിട്ട് കാട്ടിനുള്ളിലേക്ക് മാറുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഓടിയെത്തി സാജനെ എടുത്ത് വനത്തിനു പുറത്തുകടന്ന് ഉന്നതാധികാരികളെ വിവരമറിയിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."