മത്സ്യമാര്‍ക്കറ്റുണ്ട്; കച്ചവടക്കാര്‍ക്കു വേണ്ട
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ മാര്‍ക്കറ്റ് റോഡിനു സമീപത്തായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പഴയങ്ങാടി പൊതു മത്സ്യമാര്‍ക്കറ്റ് ഉപയോഗശൂന്യമായി കിടക്കുന്നു. പഴയങ്ങാടിയില്‍ പൊതു മത്സ്യമാര്‍ക്കറ്റ് വേണമെന്നാവശ്യം ശക്തമായതോടെയാണ് ഏഴോം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി മാര്‍ക്കറ്റ് റോഡിലെ പുഴയരികില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്.
2002 ഫെബ്രുവരി ഒന്‍പതിനായിരുന്നു ഉദ്ഘാടനം. മികച്ച മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചുനല്‍കിയിട്ടും മത്സ്യവിപണനക്കാര്‍ ഇതിനു മുന്നില്‍ താല്‍കാലിക പന്തലിട്ട് കച്ചവടം നടത്തുകയാണ്. എന്നാല്‍ 15 വര്‍ഷമായിട്ടും മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തോടു മത്സ്യ വിപണനക്കാര്‍ കാണിക്കുന്ന അവഗണന അധികൃതരും കണ്ടില്ലെന്നു നടിക്കുന്നുവെന്നാണു പരാതി. ആവശ്യത്തിനു വാഹന പാര്‍ക്കിങ് സൗകര്യത്തോടെ നിര്‍മിച്ച മത്സ്യമാര്‍ക്കറ്റിനു മുന്നിലായാണ് നിലവില്‍ മത്സ്യവിപണനം നടത്തുന്നത്.
റോഡരികില്‍ തന്നെയുള്ളതിനാല്‍ പലപ്പോഴും വാഹനത്തിലും മറ്റും മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതു കാരണം ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
മത്സ്യ വിപണനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മത്സ്യമാര്‍ക്കറ്റിനോടുള്ള അവഗണന മാറ്റണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."